കണ്ണൂർ : പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തും. കൊല നടന്ന വിഷ്ണുപ്രിയയുടെ വീട്ടിൽ വെച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തുക. പ്രതിയെ എത്തിച്ചുള്ള തെളിവെടുപ്പ് നാളെ നടത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം.
വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു എന്നാണ് ശ്യാംജിത്തിന്റെ മൊഴി. കത്തിയും ചുറ്റികയും വാങ്ങിയ കടയിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് പ്രാഥമിക വിവരം. അതേസമയം വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ ഉച്ചയ്‌ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും.
ഇന്നലെ ഉച്ചയോടെയാണ് വിഷ്ണുപ്രിയയെ പാനൂർ വള്ളിയായിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി കുടുംബ വീട്ടിൽ എത്തിയതായിരുന്നു യുവതി. വസ്ത്രം മാറ്റുന്നതിനായി സ്വന്തം വീട്ടിലേക്ക് പോയ യുവതി തിരികെ എത്താൻ വൈകിയതോടെ അന്വേഷിച്ചെത്തിയ അമ്മയാണ് രക്തത്തിൽ മുങ്ങിക്കിടന്ന വിഷ്ണുപ്രിയയെ കണ്ടത്. പ്രണയപ്പകയാണ് കൊലയ്‌ക്ക് കാരണം.
Comments