ബെംഗളൂരു: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഏറ്റവും കൂടുതൽ ജീവൻ ബലി അർപ്പിച്ചത് മുസ്ലീങ്ങൾ ആണെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. കർണാടകയിലെ ഹുമ്‌നാബാദിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എംപി. കഴിഞ്ഞ എട്ട് വർഷത്തിനിടെ മതേതര പാർട്ടികൾ പോലും മുസ്ലീങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാത്ത തരത്തിൽ രാജ്യത്തിന്റെ രാഷ്‌ട്രീയ സാഹചര്യം പ്രധാനമന്ത്രി മാറ്റിയെന്നും ഒവൈസി സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മുസ്ലീങ്ങൾക്ക് ഇപ്പോൾ ഒരു പ്രാധാന്യവുമില്ല. കോൺഗ്രസും ജെഡിഎസുമടക്കം മുസ്ലീങ്ങൾക്ക് യാതൊതു പ്രാധാന്യവും നൽകുന്നില്ല. സ്വന്തം സമുദായത്തോട് മാത്രം വോട്ട് ചോദിക്കാൻ രാഷ്‌ട്രീയ പാർട്ടികളുടെ എടിഎം മെഷീനുകളായി മുസ്ലീങ്ങൾ മാറിയിരിക്കുന്നു. നിങ്ങൾക്ക് രാഷ്‌ട്രീയ പാർട്ടികൾ വേണോ അതോ അള്ളാഹു വേണോ എന്ന് നിങ്ങൾ ചിന്തിക്കണമെന്നും, ആരും നിങ്ങളോടൊപ്പമില്ല എന്നും ഒവൈസി പറഞ്ഞു.
മുസ്ലീങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഇത് അംബേദ്കറുടെ നാടാണ്. നമ്മുടെ ചോരയും വിയർപ്പും കൊണ്ടാണ് നമ്മൾ ഈ നാടിനെ മോചിപ്പിച്ചത്. ഏറ്റവും കൂടുതൽ ജീവൻ ബലിയർപ്പിച്ചത് മുസ്ലീങ്ങളാണ്. അന്ന് ആർ.എസ്.എസും ബി.ജെ.പിയും ഇല്ലായിരുന്നു. അവരെല്ലാം പിന്നീട് വീരന്മാരായി, രക്തം ബലിയർപ്പിച്ചവർ പൂജ്യമായി എന്നും ഒവൈസി അവകാശപ്പെട്ടു.
Comments