റോക്ക് സംഗീത ചരിത്രത്തിലെ പ്രധാന ഗായകരിലൊരാളാണ് ഫ്രെഡി മെർക്കുറി. തന്റെ ഗാനങ്ങളിലൂടെ ലോകമെമ്പാടുള്ള ആരാധകരുടെ സിരകളിൽ അവേശം ഉണർത്തിയ ഗായകൻ വിട പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ സംഗീതവും ഓർമ്മകളും ആരാധകരുടെയും സംഗീതപ്രേമികളുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. 2018-ൽ ഫ്രെഡിയുടെ ജീവിതം പറയുന്ന ബയോപിക് ചിത്രമായ ബൊഹീമിയൻ റാപ്‌സോഡി ആരാധകർക്കിടയിൽ തങ്ങളുടെ പ്രിയപ്പെട്ട ഗായകന്റെ ഓർമ്മകൾ അലയടിപ്പിച്ചു. ഇപ്പോഴിതാ ഫ്രെഡിയുടെ ഓർമ്മകൾ ഉറങ്ങുന്ന അദ്ദേഹത്തിന്റെ വാഹനം ലേലത്തിന് വെച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.
80-കളിൽ ക്വീൻ എന്ന തന്റെ റോക്ക്ബാൻഡിന്റെ വിജയം ആഘോഷിക്കുമ്പോൾ ഫ്രെഡി മെർക്കുറി ഉപയോഗിച്ച 1974-ലെ റോൾസ് റോയ്‌സ് സിൽവർ ഷാഡോയാണ് ഇന്ന് വിൽപനയ്‌ക്ക് വെച്ചിരിക്കുന്നത്. ഫ്രെഡിയുടെ റോൾസ് റോയ്‌സ് ലേലത്തിൽ വെച്ചിരിക്കുന്നു എന്ന വാർത്ത അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ മാത്രമല്ല, വാഹനപ്രേമികൾക്കിടയിലും ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. അടുത്ത മാസം ലണ്ടൻ ലേലത്തിൽ ഈ പഴയ ആഡംബര കാർ വില്പന നടത്തും. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാനാണ് തീരുമാനം.
1979-ലാണ് ഈ റോൾസ് റോയ്‌സ് ഫ്രെഡി മെർക്കുറി സ്വന്തമാക്കുന്നത്. 1991-ൽ മെർക്കുറി മരിക്കുമ്പോഴും ഈ ആഡംബര കാർ അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. 6.75 ലിറ്റർ V8 എഞ്ചിനാണ് റോൽസ് റോയ്‌സ് സിൽവർ ഷാഡോയ്‌ക്ക് ലഭിക്കുന്നത്. 1974- ൽ ബ്രിട്ടീഷ് റോഡുകളിൽ തിളങ്ങിയ അതേപോലെ തന്നെയാണ് വാഹനം ഇപ്പോഴും നിലനിർത്തിയിരിക്കുന്നത്. നീല നിറത്തിലാണ് റോൾസ് റോയ്‌സിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ആർഎം സോത്ത്ബിസിൽ നടക്കുന്ന ചടങ്ങിലായിരിക്കും വാഹനം ലേലം ചെയ്യുക. ചില റിപ്പോർട്ടുകൾ അനുസരിച്ച്, യുദ്ധത്തിൽ തകർന്ന യുക്രെയ്‌നിൽ സഹായം നൽകുന്നതിനായി രൂപീകരിച്ച സൂപ്പർഹ്യൂമൻ സെന്റർ എന്ന ചാരിറ്റിക്കായിരിക്കും ലേല തുക നൽകുക.
Comments