തിരുവനന്തപുരം: ബോധമുള്ള ഏതെങ്കിലും മന്ത്രി സ്വപ്ന സുരേഷിനെ മൂന്നാറിലേക്ക് ക്ഷണിക്കുമോയെന്ന് മുൻ ധന മന്ത്രി തോമസ് ഐസക്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ബിജെപിയാണ്. അവരുടെ ദത്തുപുത്രിയാണ് സ്വപ്നയെന്നും തോമസ് ഐസക് മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്വബോധമുള്ള ഏതെങ്കിലും മന്ത്രി സ്വപ്നയെ ടൂറിസ്റ്റ് പ്ലേസിലേക്ക് ക്ഷണിക്കുമോ?. അതും വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്ക്. സാമാന്യ യുക്തിയ്ക്ക് നിരക്കുന്ന കാര്യങ്ങളാണോ ഇതെല്ലാം. ഔദ്യോഗിക കൂടിക്കാഴ്ചയുടെ ഭാഗമായി നടന്ന ഡിന്നറിൽ പല ചർച്ചകളും നടന്നിരിക്കും. സ്വാഭാവികമായും കോൺസുലിനെ ആലപ്പുഴയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ക്ഷണിച്ചുകാണും. ഇതിൽ എന്താണ് തെറ്റ്. അവിടെ നടന്ന ചർച്ചകൾ ഒന്നും ഓർമ്മയില്ല. മന്ത്രിയായിരുന്നപ്പോൾ താൻ മൂന്നാർ പോയിട്ടില്ല. തന്റെ റൂട്ടിൽ മൂന്നാറില്ല. എല്ലാവരോടും ചിരിച്ച് സംസാരിക്കുന്നയാളാണ് താൻ. ഇത് തെറ്റിദ്ധരിച്ചാൽ തന്റെ കുറ്റമല്ല. തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചത് ബോധപൂർവ്വമാണെന്നും തോമസ് ഐസക് പ്രതികരിച്ചു.
സമൂഹമാദ്ധ്യമങ്ങളിൽ തന്റെ പേര് വലിച്ചിഴച്ച് ചർച്ച നടത്താൻ താത്പര്യപ്പെടുന്ന ബിജെപിയാണ് സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ. അവരുടെ രാഷ്ട്രീയമാണ്. കള്ളക്കടത്ത് കേസിലെ പ്രതിയാണ് സ്വപ്ന. ഇത് മാത്രമല്ല, കേരളത്തിൽ വലിയ കോളിളക്കം അവർ ഉണ്ടാക്കി. എന്നാൽ അതൊന്നും ജനങ്ങൾ അംഗീകരിച്ചില്ല.
സ്വപ്ന സുരേഷ് ഇന്ന് ബിജെപിയുടെ ദത്തു പുത്രിയാണ്. സ്വപ്നയ്ക്ക് എല്ലാവിധ പിന്തുണയും നൽകുന്നത് ബിജെപിയാണ്. സിപിഎമ്മിന്റെ നേതാക്കളെ തേജോവധം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. ഒരോ ഘട്ടത്തിലും ഓരോരോ നിലപാടുകൾ ആണ് അവർ പറയുന്നത്. അവർക്ക് കൃത്യമായ നിലപാടില്ല. എല്ലാം രാഷ്ട്രീയം. ആരോപണം എങ്ങനെ നേരിടുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments