തിരുവനന്തപുരം: കേരളാ സർവകലാശാല വൈസ് ചാൻസലറോട് നേരിട്ട് രാജി ആവശ്യപ്പെട്ട് ഗവർണർ. നേരിട്ട് വിളിച്ച് ഇന്ന് തന്നെ രാജി വയ്‌ക്കണം എന്ന് വിസി യോട് ആവശ്യപ്പെട്ടതായാണ് വിവരം. പകരം സർവകലാശാല ചുമതല ആരോഗ്യ സർവകലാശാലാ വിസി ക്ക് നൽകണമെന്നും ഗവർണർ ആവശ്യപ്പെട്ടു. എന്നാൽ രാജി വയ്‌ക്കാൻ തയ്യാറല്ലെന്നാണ് കേരളാ വിസി അറിയിച്ചത്. പുറത്താക്കണമെങ്കിൽ ആവാമെന്നുമാണ് വിസി മറുപടി നൽകിയത്.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് വിസിമാരോട് നാളെ 11.30-നുള്ളിൽ രാജിവയ്‌ക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കം. തിരുവനന്തപുരത്തെ സാങ്കേതിക സർവകലാശാല വിസിയായി എംഎസ് രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ മറ്റ് വിസിമാരുടെയും രാജി ആവശ്യപ്പെട്ടത്.
ഏകപക്ഷീയമായ നടപടിയാണ് ഗവർണറുടേതെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. എല്ലാ സർവകലാശാലകളെയും ഒറ്റയടിയ്‌ക്ക് അനാഥമാക്കി മാറ്റാനുള്ള നിലപാടുകൾ ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. വിസി മാരുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം കുതിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഗവർണറുടെ തീരുമാനമെന്നും വിഷയത്തിൽ തീരുമാനമൊടുക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
Comments