ലക്‌നൗ: ഉത്തർപ്രദേശിൽ ദീപാവലിയാഘോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്ന് ഗിന്നസ് റെക്കോർഡ് നേട്ടം. ദീപാവലിയുടെ തലേദിവസമായ ഓക്ടോബർ 23ന് അയോദ്ധ്യയിൽ 15 ലക്ഷത്തിലധികം ദീപങ്ങൾ കത്തിച്ചതോടെയാണ് ലോക റെക്കോർഡ് കൈവരിച്ചത്. ആയിരക്കണക്കിന് വിശ്വാസികളും പൊതുജനങ്ങളും നിരവധി പ്രമുഖരും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ ആറ് വർഷമായി യോഗി സർക്കാർ തുടരുന്ന ദീപോത്സവം എന്ന ചടങ്ങിന്റെ ഭാഗമായാണ് ഞായറാഴ്ച വൈകിട്ട് അയോദ്ധ്യ ദീപാലങ്കൃതമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. അയോദ്ധ്യയിലെ രാം കി പൈദി ഘട്ടിലായിരുന്നു 15.76 ലക്ഷം ദീപങ്ങൾ വിവിധ രൂപത്തിൽ അലങ്കരിച്ചത്.

അവധ് സർവകലാശാലയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ഗിന്നസ് റെക്കോർഡ് സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ചത്. 20,000ത്തോളം വോളണ്ടിയർമാർ ഇതിനായി പ്രവർത്തിച്ചു. ആറാമത് ദീപോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ 15.76 ലക്ഷം ദീപങ്ങൾ ഒന്നൊന്നായി അണിനിരന്നു. ശ്രീറാം ജയ് റാം വിളികളോടെയായിരുന്നു ജനങ്ങൾ ദീപങ്ങൾ കത്തിച്ചിരുന്നത്.

റെക്കോർഡ് നേട്ടം ഗിന്നസ് അധികൃതർ പ്രഖ്യാപിച്ചതോടെ അയോദ്ധ്യ നഗരം മുഴുവൻ ‘ജയ് ശ്രീറാം’ വിളികളാൽ മുഖരിതമായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ 2017ലാണ് ഉത്തർപ്രദേശിൽ ദീപോത്സവം ആരംഭിച്ചത്. അന്ന് 1.71 ലക്ഷം വിളക്കുകളായിരുന്നു തെളിയിച്ചത്. അതിനുശേഷം 2018ൽ 3.01 ലക്ഷം, 2019-ൽ 4.04 ലക്ഷം, 2020-ൽ 6.06 ലക്ഷം, 2021-ൽ 9.41 ലക്ഷം എന്നിങ്ങനെയായിരുന്നു ദീപോത്സവത്തിന് ദീപങ്ങൾ അണിനിരന്നത്.

#WATCH | Uttar Pradesh: Laser show organised as a part of Deepotsav celebrations in Ayodhya on the occasion of #Diwali (23.10)
(Source: Information department) pic.twitter.com/FMEQH5lcvm
— ANI UP/Uttarakhand (@ANINewsUP) October 23, 2022
















Comments