ഛണ്ഡീഗഡ്: പഞ്ചാബിൽ ഹിന്ദു നേതാവിനെ കൊലപ്പെടുത്താനുള്ള ശ്രമം തകർത്തെറിഞ്ഞ് ഭീകര വിരുദ്ധ സ്‌ക്വാഡ്. ക്രിമിനൽ സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തു. നാല് തോക്കുകളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അമൃത്‌സറിലെ ഹിന്ദു നേതാവ് സുധീർ സുരിയെ കൊലപ്പെടുത്താനായാണ് സംഘം എത്തിയത്. ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് ചില സംഘങ്ങൾ സംസ്ഥാനത്ത് എത്തിയതായി ഭീകര വിരുദ്ധ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായതിന് പിന്നാലെ ചോദ്യം ചെയ്തതിൽ നിന്നും കാനഡയിലെ ഖാലിസ്ഥാൻ ഭീകര നേതാവാണ് കൊലയ്‌ക്ക് നിർദ്ദേശം നൽകിയത് എന്നാണ് ഇവർ പോലീസിന് നൽകിയിരുന്ന മൊഴി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഖാലിസ്ഥാൻ ഭീകരൻ ലഖ്ബിർ സിംഗ് ലൻഡയാണ് പദ്ധതിയ്‌ക്ക് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
ആകാശ്, ഗുർകീരത്ത്, ഹർമജ്ഞിത്ത്, അജ്മീത്ത് സിംഗ് എന്നിവരാണ് അറസ്റ്റിലായതെന്ന് അന്വേഷണ സംഘം പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
















Comments