ന്യൂഡൽഹി: 21 വർഷങ്ങൾക്ക് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കണ്ട സ്‌കൂൾ വിദ്യാർത്ഥി ഇന്ന് വീണ്ടും അദ്ദേഹത്തെ കണ്ട കാഴ്ച വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഈ കണ്ടുമുട്ടലിന് ഒരു സവിശേഷതയുണ്ട്. അന്ന് സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കുട്ടി ഇന്ന് സൈനികനാണ്. ദീപാവലി ആഘോഷിക്കാനായി മോദി കാർഗിലിൽ എത്തിയപ്പോൾ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് കണ്ട കൊച്ചുമിടുക്കനായ അമിത് ഇന്ന് മേജർ അമിത് കുമാറായി മാറിയിരുന്നു.
ഗുജറാത്തിലെ ബാലാചടിയിലുള്ള സൈനിക സ്‌കൂളിൽ നിന്നും പഠിച്ച് പുറത്തിറങ്ങിയ അമിത് ആണ് ഇന്ന് മേജറായി മാറിയ ശേഷം വീണ്ടും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. 2001-ൽ മുഖ്യമന്ത്രിയായിരുന്ന മോദിയിൽ നിന്നും ഒരു സമ്മാനം ഏറ്റുവാങ്ങുമ്പോഴായിരുന്നു അമിത് ആദ്യമായി അദ്ദേഹത്തെ കണ്ടത്. ഇന്ന് രാജ്യത്തെ സേവിക്കുന്ന സൈനികനായി മാറിയ മേജർ അമിത്, പഴയ ഓർമ്മയെ ഒരു ഫ്രെയിം ആക്കി പ്രധാനമന്ത്രിക്ക് സമ്മാനിക്കാനും മറന്നില്ല. അന്ന് മുഖ്യമന്ത്രി മോദിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്ന ചിത്രം അമിത് പ്രധാനമന്ത്രിക്ക് കൈമാറി. തീർത്തും വികാരനിർഭരമായ കൂടിക്കാഴ്ചയായിരുന്നു ഇന്ന് നടന്നതെന്ന് മേജർ അമിത് പ്രതികരിച്ചു. 21 വർഷങ്ങൾക്ക് മുമ്പ് വിദ്യാർത്ഥിയായിരുന്ന അമിത് മുഖ്യമന്ത്രി മോദിയെ കണ്ട് മടങ്ങിയപ്പോൾ, ഇന്ന് മേജറായി മാറിയ അമിത് പ്രധാനമന്ത്രി മോദിയെയാണ് കണ്ടതെന്ന വലിയ സവിശേഷതയാണ് ഈ കൂടിക്കാഴ്ചക്കുള്ളത്.
എല്ലാവർഷത്തെയും പോലെ ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയെ വീണ്ടും കാണാൻ മേജർ അമിതിന് അവസരം ലഭിച്ചത്. സൈനികരെല്ലാവരും തന്റെ കുടുംബമാണെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളായി അങ്ങനെ തന്നെയാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. കാർഗിലിലെ ധീര ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിയുകയെന്നത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments