മലപ്പുറം: നിയമം ലംഘിച്ച് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് പിടികൂടി എംവിഡി. രാത്രി മലപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോയ ബസാണ് പിടികൂടിയത്. ബസിന് ഹെഡ്ലൈറ്റും ബ്രേക്ക് ലൈറ്റും സ്പാർക്ക് ലൈറ്റും ഇല്ലാത്ത നിലയിലായിരുന്നു. ഡ്രൈവർക്കെതിരെ കേസ് എടുത്തു.
തിരൂർ പൊന്നാനി റൂട്ടിൽ, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയിൽ ആളെ കുത്തിനിറച്ച് സർവീസ് നടത്തുകയായിരുന്നു കെ.എസ്.ആർ.ടി. സി ബസ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചമ്രവട്ടം പാലത്തിന് സമീപം ബസിനെ വളഞ്ഞിട്ട് പിടിച്ചു. പരിശോധനയിൽ ബസിന്റെ രണ്ട് ഹെഡ് ലൈറ്റുകളും കത്തുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു.തെരുവുവിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ഇത്രയും ദൂരം ബസ്ഓടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കാൻ കെ.എസ്.ആർ.ടി.സി. അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ അകമ്പടിയിൽ ബസ് പൊന്നാനി ഡിപ്പോയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വികരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments