തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ആരോപണ വിധേയനായ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ തോളിൽ പിടിച്ച് ഫോട്ടോ എടുത്തു എന്നുള്ള സ്വപ്ന സുരേഷിന്റെ ആരോപണം തെറ്റാണെന്നാണ് കടകംപള്ളിയുടെ പ്രതികരണം. സ്വപ്നയ്‌ക്കൊപ്പം താൻ ഫോട്ടോ എടുത്തിട്ടില്ലെന്നുമാണ് സിപിഎം നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്റെ പേര് പറഞ്ഞതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ട്. മൂന്ന് വർഷത്തിനിടെ ഇത്തരമൊരു ആരോപണം സ്വപ്‌ന തനിക്കെതിരെ ഉന്നയിച്ചിട്ടില്ല. താൻ ഫോട്ടോ എടുത്തിട്ടുണ്ടെങ്കിൽ ഫോട്ടോ പുറത്തു വിടണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
‘മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും സ്വപ്നയെ വെല്ലുവിളിച്ചിരുന്നു. ചിത്രവധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആരോടും അപമര്യാദയായി പെരുമാറുന്ന രീതി തനിക്കില്ല. കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ്സ് ഉണ്ടായിരുന്നു എന്നാണ് ആരോപണം. അത്തരമൊരു തലത്തിലേക്ക് തരം താഴാൻ മാത്രം സംസ്കാര ശൂന്യനല്ല താൻ’ എന്നിങ്ങനെ നിരവധി ന്യായീകരണങ്ങളുമായാണ് സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നാലെ ശ്രീരാമകൃഷ്ണൻ രംഗത്തു വന്നത്. തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ശ്രീരാമകൃഷ്ണന് മറുപടിയായി അദ്ദേഹം തനിക്കയച്ച സ്വകാര്യ ചിത്രങ്ങൾ സ്വപ്നയും വെളിപ്പെടുത്തി. മദ്യപാന സദസ്സിനിടെയുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അഞ്ചോളം ചിത്രങ്ങൾ പുറത്തു വന്നു. മദ്യപിച്ച് ലക്കുകെട്ടിരിക്കുന്നതായി തോന്നുന്ന ചിത്രങ്ങളടക്കം ഇതിലുണ്ട്. സ്വപ്നയ്‌ക്ക് അയച്ച സെൽഫിയും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. മദ്യ കുപ്പിയുടെ ചിത്രവും ഇതിൽ കാണാം. ശ്രീരാമകൃഷ്ണന് പിന്നാലെ ഫോട്ടോ പുറത്തുവിടാൻ കടകംപള്ളിയും സ്വപ്നയെ വെല്ലുവിളിച്ചിരിക്കുകയാണ്.
Comments