‘പടവെട്ട്’ എന്ന സിനിമയുടെ വിജയം ആഘോഷമാക്കി നിവിൻ പോളി. കൊല്ലം പാരിപ്പള്ളി രേവതി തിയറ്ററിലാണ് താരങ്ങൾ വിജയം ആഘോഷിച്ചത്. നിവിൻ പോളിയ്‌ക്കൊപ്പം ഷമ്മി തിലകൻ, രമ്യ സുരേഷ്, സംവിധായകൻ ലിജു കൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാനും ഇഷ്ടതാരത്തെ കാണാനും നൂറു കണക്കിന് ആരാധകരാണ് കൊല്ലം പാരിപ്പള്ളി രേവതി തിയറ്ററിലേയ്‌ക്ക് ഒഴുകിയെത്തിയത്.
തന്റെ ചിത്രത്തെ വൻ വിജയമാക്കിയ ആരാധകരോട് നിവിൻ പോളി നന്ദി രേഖപ്പെടുത്തി. കോറോത്ത് രവി എന്ന യുവാവിനെ ഏറ്റെടുത്ത മലയാളികൾ നല്ല സിനിമകളെ സ്നേഹിക്കുന്നവരാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് നിവിൻ പറഞ്ഞു. നാലു ദിവസം പിന്നിട്ട ചിത്രത്തിന് കേരളത്തിന് പുറത്തു നിന്നും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. 20 കോടിയോളം രൂപ പ്രീ റിലീസ് ബിസിനസ്സായി തന്നെ ചിത്രത്തിന് ലഭിച്ചു.
ഒന്നാം വാരത്തിലേയ്‌ക്ക് കടക്കുന്ന ചിത്രത്തിന് തിയറ്ററിൽ ആരവം ഒട്ടുംതന്നെ കുറഞ്ഞിട്ടില്ല. വൻ ലാഭത്തിലേയ്‌ക്കാണ് പടവെട്ട് കുതിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെത്തന്നെ മറ്റൊരു മെഗാ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ചിത്രം. ഉത്തര മലബാറിലെ മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതമാണ് സിനിമ പ്രമേയമാക്കുന്നത്. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, രമ്യ സുരേഷ്, ഇന്ദ്രൻസ്, ദാസൻ കോങ്ങാട്, സുധീഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
















Comments