സമൂഹമാദ്ധ്യമങ്ങൾ കടന്നു കയറിയ ലോകത്ത് വൈറലാവുക എന്നത് പുതു തലമുറയുടെ ഭാഗമായി കഴിഞ്ഞിരിക്കുന്നു . അതിന് വേണ്ടി തങ്ങളാൽ കഴിയുന്ന എന്തും അവർ ചെയ്യും. അത്തരം അവസരങ്ങളിൽ പലപ്പോഴും സ്വന്തം ജീവൻ പോലും അവർ കാര്യമാക്കാറില്ല എന്നതാണ് വസ്തുത. ഇങ്ങനെ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും നിരവധി ലൈക്കുകൾ വാരി കൂട്ടുകയും ചെയ്യും.
ഇപ്പോഴിതാ അത്തരത്തിൽ പ്രചരിച്ച ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനൊപ്പം വിമർശനങ്ങളും ഏറ്റുവാങ്ങുന്നത്. തമിഴ്‌നാട്ടിൽ മദ്യപിച്ച് എത്തിയ ഒരു കൂട്ടം യുവാക്കൾ ഓടുന്ന ബസിന്റെ മുകളിലും ജനലിലും ഒക്കെയായി തൂങ്ങി കിടക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ദീപാവലി ദിനത്തിലാണ് സംഭവം.
നോർത്ത് ചെന്നൈ ബ്രോഡ്വേയിൽ നിന്ന് എന്നൂർ റൂട്ടിലേക്ക് ഓടുന്ന സിറ്റി ബസിലാണ് യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. ബസിലെ മറ്റു യാത്രക്കാർ യുവാക്കളുടെ ഈ പ്രവൃത്തിയെ എതിർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബസിന് പുറകിൽ മറ്റു വാഹനങ്ങളിൽ യാത്ര ചെയ്തവരാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. യുവാക്കൾക്കെതിരെ നിയമ നടപടി ഉണ്ടാകണമെന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ചവർ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കുന്നുണ്ട്.
വീഡിയോക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മദ്യപിച്ച് ഇത്തരത്തിൽ യാത്ര ചെയ്ത യുവാക്കൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം . എങ്കിൽ മാത്രമെ ഇനി ഇത് ആരും അനുകരിക്കാതെ ഇരിക്കുകയുള്ളൂ തുടങ്ങിയ അഭിപ്രായങ്ങളാണ് ദൃശ്യത്തിന് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.
















Comments