പട്ന: മുസ്ലിം പെൺകുട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ദളിത് യുവാവിനെതിരെ മതമൗലികവാദികളുടെ അക്രമം. യുവാവിനെ കൂട്ടം ചേർന്ന് മർദ്ധിക്കുകയും നിലത്തു നിന്നും തുപ്പൽ നക്കിപ്പിക്കുകയും ചെയ്തു. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. യുവാവിനെ പീഡിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒക്ടോബർ 19 ബുധനാഴ്ചയാണ് അതി ക്രൂരമായ സംഭവം നടന്നത്.
മുസ്ലിം പെൺകുട്ടിയുടെ കൂടെ ദളിത് യുവാവിനെ കണ്ടു എന്നാരോപിച്ചാണ് മർദ്ദനം. യുവാവിനെ നിലത്തിരുത്തിയ ശേഷം ഒരാൾ കസേരയിൽ ഇരിക്കുന്ന കാണാം. മറ്റുള്ളവർ ചുറ്റും നിന്ന് യുവാവിനെ മർദ്ദിക്കുകയാണ്. കസേരയിൽ ഇരിക്കുന്ന ആൾ യുവിനോട് നിലത്ത് തുപ്പാൻ ആവശ്യപ്പെടുന്നു. ഭീഷണിപ്പെടുത്തി യുവാവിനെ നിലത്തു തുപ്പിച്ച ശേഷം അത് നക്കിയെടുപ്പിക്കുന്നതും വീഡിയോയിൽ ദൃശ്യമാകും. അഞ്ച് തവണയോളം യുവാവിനെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചു.
ഉജിയാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഹേസരി ഗ്രാമത്തിലെ താമസക്കാരനാണ് യുവാവ്. വിഭൂതിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചഖാബിബ് ഗ്രാമത്തിലെ ഒരു മുസ്ലീം പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. യുവതിയെ ബൈക്കിൽ കയറ്റുന്നത് കണ്ടതോടെ ബന്ധുക്കളും മതമൗലികവാദികളായ ഒരുപറ്റം ആൾക്കാരും ചേർന്ന് യുവാവിനെ ബലം പ്രയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.
Comments