ഇന്ത്യയിൽ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് വിറ്റഴിച്ചത് 39 ടൺ സ്വർണ്ണം. ഇതിന് വിപണിയിൽ 19,500 കോടി രൂപ വിലയുണ്ട്. ദീപാവലിക്ക് മുമ്പുള്ള രണ്ട് ദിവസത്തെ ധന്തേരാസ് കാലയളവിലാണ് ഇത്രയും വലിയ വിൽപന നടത്തിയതെന്ന് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണ് ഈ ധൻതേരസിൽ നിന്ന് വാങ്ങിയ സ്വർണത്തിന്റെ അളവ്.
വിലയേറിയ ലോഹങ്ങൾ മുതൽ പാത്രങ്ങൾ വരെയുള്ള വസ്തുക്കൾ വാങ്ങുന്നതിന് ഹിന്ദു കലണ്ടറിലെ ഏറ്റവും അനുകൂലമായ ദിവസമായി കണക്കാക്കപ്പെടുന്നതാണ് ധന്തേരസ്. ഒക്ടോബർ 22,23 തീയതികളിലായിരുന്നു ധന്തേരസ്. സ്വർണ വിലയിൽ നേരിയ ഉയർന്ന വില പോലും ഈ വർഷം വാങ്ങുന്നതിൽ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചില്ല.
രണ്ട് ദിവസങ്ങളിലും നികുതിയൊഴികെ 10 ഗ്രാമിന് 50,139 രൂപയാണ് സ്വർണത്തിന്റെ മൂല്യം. കഴിഞ്ഞ വർഷം ധൻതേരാസിൽ 10 ഗ്രാമിന് 47,644 രൂപയായിരുന്നു. ധൻതേരാസിന്റെ രണ്ടാം ദിനമായ 23ന് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാരണം ജ്വല്ലറി വിപണിയിൽ ചെറിയ മന്ദതയുണ്ടായിരുന്നു. എന്നാൽ മത്സരത്തിന് ശേഷം കച്ചവടം വൻതോതിൽ വർധിച്ചുവെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ ആശിഷ് പേഥെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഈ വർഷത്തെ വ്യാപാരത്തിൽ 80 ശതമാനവും ആഭരണങ്ങളും ബാക്കി സ്വർണ്ണക്കട്ടികളുമായിരുന്നു. ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിലാണെന്ന് മഹാരാഷ്‌ട്ര ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ സൗരഭ് ഗാഡ്ഗിൽ പിടിഐയോട് പറഞ്ഞു. ഇത് സമ്പദ്വ്യവസ്ഥയുടെ പുനരുജീവനത്തെയും ജനങ്ങളുടെ വിശ്വാസത്തെയും സൂചിപ്പിക്കുന്നു. ഈ വർഷം നടന്ന ഇടപാടുകളിൽ ഭൂരിഭാഗം ഉപഭോക്താക്കളും ഡിജിറ്റൽ പേയ്മെന്റുകളിലൂടെയാണ് നടത്തിയത്.
ഈ വർഷത്തെ ദീപാവലി ആഘോഷത്തിൽ രാജ്യത്ത് 1.5 ലക്ഷം കോടി രൂപയുടെ വ്യാപാരം നടന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) കണക്കാക്കുന്നു. ശക്തമായ ജ്വല്ലറി വിൽപ്പനയ്‌ക്ക് പുറമെ ഓട്ടോമൊബൈൽ മേഖലയിൽ 6,000 കോടി രൂപയുടെയും ഫർണിച്ചറുകൾക്ക് ഏകദേശം 1,500 കോടി രൂപയുടെയും കംപ്യൂട്ടർ സംബന്ധമായ ഇനങ്ങൾക്ക് ഏകദേശം 2,500 കോടി രൂപയുടെയും ബിസിനസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബിസി ഭാരതിയ പറഞ്ഞു.
Comments