കൊല്ലം: ജില്ലയിൽ വീണ്ടും സൈനികന് നേരെ ആക്രമണം. സൈനികനെ മുൻവൈരാഗ്യത്തിന്റെ പേരിൽ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമം. കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന സ്വദേശികളായ മനീഷ്, മഹേഷ്‌ലാൽ, അനന്തു, ഹരികൃഷ്ണൻ, അമൽരാജ് എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണം നടത്താനായി പ്രതികളെത്തിയ ആംബുലൻസും രണ്ട് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. രണ്ട് പേർ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. സൈന്യത്തിൽ നായികായി സേവനമനുഷ്ഠിക്കുന്ന ഷിബുവിനെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. മനീഷ് മാമച്ചൻ, മഹേഷ് ലാൽ എന്നിവർ കുണ്ടറ, ഇരവിപുരം സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കാപ്പ ചുമത്തിയുള്ള നടപടികൾക്ക് ശുപാർശ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
നാല് വർഷം മുൻപ് നല്ലില ഗബ്രിയേൽ പള്ളിയിലെ റാസയ്‌ക്കിടയിലേക്ക് മനീഷ് ബൈക്ക് ഓടിച്ചുകയറ്റിയിരുന്നു. ഇത് ഷിബുവിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ തടയുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിലേക്ക് വഴിവെച്ചത്. ആക്രമണം തടയാനെത്തിയ സമീപത്തെ മെഡിക്കൽ സ്റ്റോർ ഉടമ സുമേഷ്, ഡെന്നി എന്നിവർക്കും പരിക്കേറ്റു.
















Comments