കണ്ണൂർ: വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി നാലു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു. അപേക്ഷ ഇന്ന് പരിഗണിക്കും.
ഇവർ തമ്മിൽ എത്ര വർഷത്തെ പരിചയമുണ്ടായിരുന്നു, എപ്പോൾ മുതലാണ് ശ്യംജിത്തിന്റെ മനസിൽ പക തോന്നി തുടങ്ങിയത്, തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച്് വിശദമായ മൊഴി രേഖപ്പെടുത്തും. അന്വേഷണം വേഗത്തിലാക്കി മാതൃകപരമായ ശിക്ഷ വാങ്ങിക്കൊടുക്കാവുന്ന രീതിയിലേക്ക് എത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ സാക്ഷിയാക്കാൻ പോലീസ് ആലോചിക്കുന്നുണ്ട്. അയാളെ സംഭവസ്ഥലത്ത് എത്തിക്കാനുള്ള നടപടികളെ കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അയൽവാസിയേയും സാക്ഷി പട്ടികയിൽ പെടുത്താൻ സാധ്യതയുണ്ട്്.
കഴിഞ്ഞ ദിവസമാണ് പാനൂരിൽ പ്രണയപ്പകയിൽ വിഷ്ണുപ്രിയ അതിദാരുണമായി കൊല്ലപ്പെട്ടത്. കിടപ്പുമുറിയിലാണ് യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അമ്മയാണ് വിഷ്ണുപ്രിയ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീടിനകത്ത് കണ്ടെത്തിയത്. പ്രതിയായ ശ്യാംജിത്തിനെ നേരത്തെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആയുധങ്ങൾ ഉൾപ്പെടെ കണ്ടെടുത്തിരുന്നു.
Comments