കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ‘ഒജീസ് കാന്താരി’ ബാറിൽ വെടിവെപ്പ്. മദ്യപിച്ചിറങ്ങിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ഹോട്ടലിന്റെ ഭിത്തിയിലേക്കാണ് വെടിയുതിർത്തതെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് എത്തി പരിശോധന നടത്തുകയും ഹോട്ടൽ പൂട്ടുകയും ചെയ്തു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കൈത്തോക്ക് ഉപയോഗിച്ചാണ് ഇവർ വെടിയുതിർത്തത്. കൊല്ലം സ്വദേശി റോജനാണ് വെടിയുതിർത്തതെന്ന് പോലീസ് പറയുന്നു. ഇയാളെയും കൂടെയുണ്ടായിരുന്ന ഹരോൾഡ് എന്നയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഹരോൾഡ് അഭിഭാഷകനാണെന്നാണ് വിവരം.
വെടിയുതിർത്തതിന് തൊട്ടുപിന്നാലെ ഇവർ ഹോട്ടലിന് പുറത്തേക്കിറങ്ങുകയും വാഹനത്തിൽ കയറി പോകുകയുമായിരുന്നു. ആക്രമണം നടന്നിട്ടും ബാർ അധികൃതർ പോലീസിനെ വിവരമറിയിച്ചിരുന്നില്ല. വൈകിട്ട് ഏഴ് മണിയോടെയാണ് ഇവർ പോലീസിന് പരാതി നൽകാൻ തയ്യാറായത്.
സംഭവസ്ഥലത്ത് പരിശോധന നടത്തിയിട്ടും പോലീസിന് വെടിയുണ്ട കണ്ടെത്താനായിട്ടില്ല. അതേസമയം വെടിയുണ്ട തറച്ച പാടുകൾ പോലീസ് കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. വെടിയുതിർത്ത ആളുകൾ ഹോട്ടലിലേക്ക് സ്ഥിരമായി വരാത്ത ആളുകളാണെന്നാണ് ഹോട്ടൽ അധികൃതരുടെ പ്രതികരണം. ബാറിനുള്ളിൽ വെച്ച് വാക്കുതർക്കങ്ങൾ നടന്നിരുന്നില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments