കോഴിക്കോട്: സംസ്ഥാനത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ബാക്ടീരിയ സ്ഥിരീകരിച്ചത് ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ് . ഇതിൽ പത്ത് വയസ്സുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകൾ, ഇറച്ചികടകൾ, മത്സ്യമാർക്കറ്റ് എന്നിവടങ്ങളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന ആരംഭിച്ചിരിക്കുകയാണ്.
ഷിഗല്ല വിഭാഗത്തിൽ പെട്ട ബാക്ടീരിയകൾ കുടലുകളെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് .പെട്ടെന്ന് പടർന്നു പിടിക്കുന്നതാണ് ഈ രോഗം. ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോൾ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും.മലിനമാക്കപ്പെട്ട വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് രോഗാണു ഉള്ളിൽ കടക്കുന്നത്. മറ്റ് വയറിളക്കഅതിസാര രോഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് അണുജീവികൾ ഉള്ളിലെത്തിയാൽ മതി രോഗമുണ്ടാകാൻ. വയറിളക്കം, പനി, തളർച്ച, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ആരംഭത്തിൽ കാണുക. വിസർജ്യത്തിൽ രക്തമോ കഫമോ കലർന്നിട്ടുണ്ടെങ്കിൽ രോഗം ഉറപ്പിക്കാം.
രോഗം ബാധിച്ചവർ ഒആർഎസ് ലായനി, കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയ ലവണങ്ങൾ കലർന്ന വെള്ളം ധാരാളം കുടിക്കുക. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കുക എന്നിവ നിർജലീകരണവും ക്ഷീണവും തടയും.തിളപ്പിച്ചാറിയെ വെള്ളം കുടിക്കുകയും ഭക്ഷണപാനീയങ്ങൾ മൂടിസൂക്ഷിക്കുകയും വേണം. പുറത്തുനിന്നു ഭക്ഷണം കഴിക്കുമ്പോൾ ശുചിത്വമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. പച്ചവെള്ളം കൊണ്ടു തയാറാക്കിയ പാനീയങ്ങൾ കുടിക്കാതിരിക്കുക എന്നിവയിലൂടെ രോഗവ്യാപനം തടയാൻ സാധിക്കും.
















Comments