മലപ്പുറം : വളാഞ്ചേരിയിൽ മൂന്നുവയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ആതവനാട് കഞ്ഞിപ്പുരയിലെ പല്ലിക്കാട്ടിൽ നവാസിന്റേയും നിഷ്മ സിജിലിയുടേയും മകൻ ഹനീനാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
വീട്ടുകാരുടെ കരച്ചിൽ കേട്ട് സമീപവാസികളെത്തിയാണ് കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളാഞ്ചേരി പോലീസ് നടപടികൾ പൂർത്തിയാക്കിയശേഷം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടത്തിനുശേഷം കഞ്ഞിപ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ഇതിന് പുറമെ പട്ടാമ്പിയിൽ യന്ത്രസഹായമില്ലാതെ കുഴൽക്കിണർ കുഴിക്കുന്നതിനിടെ ഇരുമ്പുപൈപ്പ് വൈദ്യുതലൈനിൽ തട്ടി ഷോക്കേറ്റ് ഒരാൾ മരിച്ചു. ഞാങ്ങാട്ടിരി സ്വദേശി ഷാജിയാണ് (41) മരിച്ചത്. ഇതരസംസ്ഥാനക്കാരായ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശ്ശൂരിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മണൽപ്രദേശങ്ങളിൽ യന്ത്രത്തിന്റെ സഹായമില്ലാതെ അധികം ആഴത്തിലല്ലാതെ ഇരുമ്പുപൈപ്പ് തുളച്ചിറക്കി കുഴൽക്കിണർ കുഴിക്കാറുണ്ട്. ഇത്തരത്തിൽ കിണർ കുഴിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരുമ്പുപൈപ്പ് കുഴിയിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നതിനിടെ തൊട്ടടുത്തുണ്ടായിരുന്ന ത്രീഫേസ് വൈദ്യുതലൈനിൽ തട്ടുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ വൈദ്യുതിബന്ധം വിച്ഛേദിച്ച് ഷാജിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments