ചെന്നൈ: കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുൻപിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീൻ പല തവണ കേരളത്തിലെത്തിയതായി സ്ഥിരീകരിച്ചു. ഇയാൾ എത്തിയത് ചികിത്സയ്‌ക്ക് വേണ്ടിയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ഇതിന് പിറകിൽ ആരെങ്കിലുമുണ്ടോയെന്നും പരിശോധിക്കുന്നതായും അദ്ദേഹം അറിയിച്ചു. ചികിത്സയുടെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി ഇട്ടിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കും.
ചില സ്ഥാപനങ്ങൾ തകർക്കാനും കൂട്ടക്കുരുതി നടത്താനും ഭീകരസംഘം പദ്ധതി ഇട്ടിരുന്നതായി അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച സാമാഗ്രികൾ പ്രതികൾ ഓൺലൈനായി വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പ്രതികൾ മറ്റെന്തൊക്കെ വാങ്ങി എന്ന് കണ്ടെത്തുന്നതിനായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽ നിന്ന് പോലീസ് വിശദാംശങ്ങൾ ശേഖരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാദ്ധ്യതയുണ്ട്. നിലവിൽ അഞ്ച് പ്രതികൾ കോയമ്പത്തൂർ സിറ്റി പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെയാണ് ഇന്ന് എൻഐഎ ചോദ്യം ചെയ്യുക. പ്രതികളിൽ നാല് പേർ ചേർന്നാണ് മുബിന്റെ വീട്ടിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കാറിലേക്ക് മാറ്റിയത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ പിടിയിലായ മുബിന്റെ അടുത്ത സുഹൃത്തും, ഏറ്റവും കൂടുതൽ സഹായിച്ച അഫ്‌സർ ഖാനെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു. ഈ പ്രതിയെ കൂടി എൻഐഎ ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും ഇയാളെ കൂടി ചോദ്യം ചെയ്യുന്നതോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനേഷണ സംഘം. അഫ്‌സറാണ് ഓൺലൈനിലൂടെ സാധനം വാങ്ങാൻ സഹായം ചെയ്‌തെന്നാണ് നിഗമനം. എവിടെ നിന്നാണ് സാമ്പത്തിക സഹായം ലഭിച്ചത് , വിദേശ ബന്ധങ്ങളുണ്ടോയെന്നുള്ള കാര്യവും പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
കേസ് എറ്റെടുത്ത എൻഐഎ പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി. ഇതിനോടകം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കേസ് രേഖകൾ കൈമാറുന്നതിനുളള ക്രമീകരണം കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച ലാപ്‌ടോപ്പിന്റെ സൈബർ പരിശോധന ഫലം അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് കിട്ടിയേക്കും. ഓൺലൈൻ വഴി ശേഖരിച്ച സ്‌ഫോടക സാമഗ്രികൾ ഈ ലാപ്‌ടോപ്പ് ഉപയോഗിച്ചാണോ വാങ്ങിയത് എന്നറിയാനാണ് പൊലീസ് നീക്കം.
പ്രതികൾക്ക് ശ്രീലങ്കൻ സ്‌ഫോടനക്കേസുമായി ബന്ധമുള്ളതായും കേരളത്തിൽ പല വേരുകളുള്ളതായും കണ്ടെത്തിയിരുന്നു. ഇത്തരം കണ്ടെത്തലുകൾക്കൊടുവിലാണ് എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തീരുമാനിച്ചത്.
















Comments