മലയാളികളിൽ ഇന്നും ആവേശം നിറയ്‌ക്കുന്ന സിനിമയാണ് മോഹൻലാലിനെ നായകനാക്കി ഭദ്രൻ അണിയിച്ചൊരുക്കിയ സ്ഫടികം. ആടുതോമയും കടുവ ചാക്കോ മാഷും മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മോഹൻലാലിന്റെ ഏറ്റവും കൂടുതൽ ആരാധകരുള്ള കഥാപാത്രവും ആടുതോമ തന്നെ. ചിത്രത്തിലെ തോമാച്ചായന്റെ ഡയലോഗ് പറയാത്ത മലയാളികൾ ഇല്ലെന്നുവേണം പറയാൻ. അത്രയധികം പ്രിയപ്പെട്ടതാണ് സ്ഫടികം എന്ന ചിത്രം മലയാളികൾക്ക്. ഇപ്പോൾ ചിത്രത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം റീമാസ്റ്റർ ചെയ്ത് പുറത്തിറങ്ങിയതാണ് സമൂഹമാദ്ധ്യമങ്ങളിലെ പ്രധാന സംസാരം. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.
‘എന്നെ സ്നേഹിക്കുന്ന, സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്‌ക്ക് സന്തോഷപൂർവ്വം ഒരു കാര്യം അറിയിക്കട്ടെ. സ്‌ഫടികം സിനിമയിലെ “ഏഴിമല പൂഞ്ചോല “എന്ന പാട്ട് റീമാസ്റ്റർ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി. അതിന്റെ കീഴെ ചേർത്തിരിക്കുന്ന ആരാധകരുടെ എക്സൈറ്റിംഗ് ആയുള്ള കമന്റുകളും കണ്ടു. സന്തോഷം! അത് ഏതു തരത്തിലുള്ള റീമാസ്റ്ററിംഗ് ആണ് അവർ ചെയ്തിരിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല. അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമന്റുകൾ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല’.
‘ഞാൻ കൂടി ഉൾപ്പെട്ട ജിയോമെട്രിക്സ് ഫിലിം ഹൗസ് എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള പെർഫക്ട് റീമാസ്റ്ററിംഗ് പ്രൊഡ്യൂസർ ആർ. മോഹനിൽ നിന്ന് വാങ്ങി തിയറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണ്. ചെന്നൈ, 4ഫ്രെയിംസ് സൗണ്ട് കമ്പനിയിൽ അതിന്റെ 4k atmos മിക്സിങ്ങും ആകർഷിക്കുന്ന തരത്തിലുള്ള ആഡ് ഓണുകളും ചേർത്തുകൊണ്ട് തിയേറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്. ഈ വാർത്ത കഴിയുമെങ്കിൽ ഒന്ന് ഷെയർ ചെയ്യുക’ എന്നാണ് സിനിമാ പ്രേമികളോട് സംവിധായകൻ ഭദ്രൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
















Comments