തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിലെ ഷാരോൺ രാജ് എന്ന യുവാവിന്റെ മരണം കൊലപാതകണമാണെന്ന ആരോപണവുമായി കുടുംബം. ഷാരോണിനെ ആസിഡ് നൽകി കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. കാമുകി നൽകിയ ജ്യൂസ് കുടിച്ചതോടെയാണ് ഷാരോൺ അവശനിലയിലായതെന്നും കുടുംബം പറയുന്നു. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ഷാരോൺ രാജ്.
ഈ മാസം 14ാം തിയതിയാണ് ഷാരോണും സുഹൃത്ത് റെജിനും കാമുകിയുടെ വീട്ടിലേക്ക് പോകുന്നത്. റെജിനെ വീടിന് പുറത്ത് നിർത്തിയതിന് ശേഷം ഷാരോൺ ഒറ്റയ്‌ക്കാണ് വീടിനുള്ളിലേക്ക് പോയത്. അൽപ്പസമയം കഴിഞ്ഞപ്പോൾ ഛർദ്ദിച്ച് അവശനായ നിലയിലാണ് ഷാരോൺ വീടിന് പുറത്തേക്ക് വന്നത്. പെൺകുട്ടി തന്ന ജ്യൂസ് കുടിച്ച് അവശനായെന്നും, എത്രയും വേഗം വീട്ടിൽ എത്തിക്കണമെന്നുമാണ് ഷാരോൺ റെജിനോട് ആവശ്യപ്പെട്ടത്. ഉടനെ തന്നെ റെജിനെ വീട്ടിൽ എത്തിച്ചു. ഉച്ചയ്‌ക്ക് ശേഷം മാതാവ് വീട്ടിൽ എത്തിയപ്പോൾ ഛർദ്ദിച്ച് അവശനായ നിലയിലായിരുന്നു ഷാരോൺ.
ഉടൻ തന്നെ പാറശാലയിലെ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. എന്നാൽ കാര്യമായ പ്രശ്‌നങ്ങൾ പരിശോധനയിൽ കാണാത്തതിനാൽ വീട്ടിലേക്ക് മടക്കി വിട്ടു. അടുത്ത ദിവസം ആയപ്പോഴേക്കും വായിൽ നിറയെ വ്രണങ്ങൾ നിറയുകയും ഭക്ഷണം പോലും കഴിക്കാനാകാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചുവെന്നാണ് ഷാരോൺ ബന്ധുക്കളോട് പറഞ്ഞത്. വീണ്ടും ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി കണ്ടു. അടുത്ത ദിവസങ്ങളിൽ മറ്റ് ആന്തരിക അവയവങ്ങളുടേയും പ്രവർത്തനം മോശമായി. ഇതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർ സ്ഥിരീകരിച്ചു. പെൺകുട്ടി വിളിച്ചതിനെ തുടർന്നാണ് ഷാരോൺ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ പങ്ക് ഉണ്ടെന്നും, കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഷാരോണിന്റെ കുടുംബം ആവശ്യപ്പെട്ടു.
















Comments