ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസ് അന്വേഷണം നിരോധിത സംഘടന പ്രവർത്തകരിലേക്കും. രാമനാഥപുരം ജില്ലയിലെ ഏർവാടിയിലെ ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ട് പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. സംഘടനയുടെ ഭാരവാഹികളായ അബ്ദുൾ ഖാദർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യ നസ്രേത്തിനെയും ഇന്നലെ ചോദ്യം ചെയ്തു.സംസാരശേഷി കുറവുള്ള ഇവരെ ചിഹ്നഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. കോയമ്പത്തൂരിലെ നിരോധിത സംഘടന അൽ ഉമ്മയുടെ പ്രവർത്തകരും അന്വേഷണ പരിധിയിലുണ്ട്.
കൂട്ട ആൾനാശമാണ് സ്‌ഫോടനത്തിന്റെ ആസൂത്രകർ ലക്ഷ്യമിട്ടതെന്നതാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്‌ഫോടനത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിരുന്നെങ്കിലും പദ്ധതിയിട്ട സംഘം അവശേഷിപ്പിച്ച തെളിവുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡിയിലുള്ള അഞ്ച് പേരുമായി ബന്ധപ്പെട്ടവരിലേക്കാണ് അന്വേഷണം നീളുന്നത്.
കേസ് എറ്റെടുത്ത എൻഐഎ പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി. ഇതിനോടകം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കേസ് രേഖകൾ കൈമാറുന്നതിനുളള ക്രമീകരണം കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച ലാപ്‌ടോപ്പിന്റെ സൈബർ പരിശോധന ഫലം അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് കിട്ടിയേക്കും. ഓൺലൈൻ വഴി ശേഖരിച്ച സ്‌ഫോടക സാമഗ്രികൾ ഈ ലാപ്‌ടോപ്പ് ഉപയോഗിച്ചാണോ വാങ്ങിയത് എന്നറിയാനാണ് പൊലീസ് നീക്കം.
















Comments