മുംബൈ: ഇന്ത്യയ്‌ക്ക് കനത്ത മുറിവ് സമ്മാനിച്ച മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്മാരെ ലോക വേദിയിൽ തുറന്നുകാട്ടിയ എസ്.ജയശങ്കറുടെ രൂക്ഷവിമർശനവും മുന്നറിയിപ്പും ഫലം കണ്ടു. ആഗോള ഇസ്ലാമിക ഭീകരതയോടുള്ള പോരാട്ടത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന ഉറപ്പാണ് രക്ഷാസമതി അണ്ടർ സെക്രട്ടറി ജനറൽ വ്‌ലാദിമിർ വൊറോൻകോവ് നൽകിയിരിക്കുന്നത്. ഐക്യരാഷ്‌ട്ര രക്ഷാ സമതിയുടെ ഭീകരവിരുദ്ധ സമിതിയുടെ മേധാവിയാണ് വ്‌ലാദിമിർ വൊറോൻകോവ് .
മുംബൈയിൽ നടന്നത് ഇസ്ലാമിക ഭീകരാക്രമണമാണെന്നും സൂത്രധാരന്മാരേയും കുറ്റക്കാരേയും പിടികൂടാൻ തടസ്സം ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിലെ ചൈനയുടെ അപ്രമാദിത്യമാണെന്നും അടിവരയിട്ടുള്ള ജയശങ്കറിന്റെ വാക്കുകളാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ രക്ഷാ സമിതിയുടെ തുറന്നുപറച്ചിലിനും ഇടയാക്കിയത്.
ഭീകരതയ്‌ക്കെതിരെ നടപടി എടുക്കുമെന്നും വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ആഗോള കൂട്ടായ്മ ഉറപ്പുവരുത്തുമെന്നുമാണ് പ്രഖ്യാപനം. ഇസ്ലാമിക ഭീകരതയോടുള്ള മെല്ലെപോക്ക് ആഗോള സമാധാനത്തിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഏവർക്കും ബോധ്യപ്പെട്ടിരിക്കു ന്നുവെന്നും വൊറോൻകോവ് പറഞ്ഞു.
നാലു മാസത്തിനിടെ ആഗോള തലത്തിൽ പാകിസ്താൻ കേന്ദ്രീകരിച്ചിരിക്കുന്ന ഭീകരർ ക്കെതിരെ നടപടിക്കായി ശ്രമം നടന്നിരുന്നു. അഞ്ചു തവണയാണ് ചൈന രക്ഷാ സമിതി പ്രമേയത്തെ വീറ്റോ പവർ ഉപയോഗിച്ച് പാകിസ്താന് അനുകൂലമായി നിലപാട് എടുത്തത്.
ഈ വർഷം ജൂണിൽ ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് അൽ ഖ്വായ്ദ ഭീകരൻ അബ്ദുൾ റഹ്മാൻ മാക്കിയെ കരിമ്പട്ടികയിൽ പെടുത്താനെടുത്ത തിരുമാനം ചൈന തടഞ്ഞു. ആഗസ്റ്റിൽ ജയ്‌ഷെ മുഹമ്മദ് ഭീകരൻ അബ്ദുൾ റൗഫ് അസ്ഹറിനേയും ചൈന പിന്തുണച്ചു. സെപ്തംബറിൽ ലഷ്‌ക്കർ ഇ തൊയ്ബയുടെ ആഗോള ഭീകരൻ സാജ്ജിദ് മിറിനെതിരായ നീക്കവും ചൈന തടഞ്ഞു. ഈ മാസം ആദ്യം ഷാഹിദ് മെഹമൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയവും ചൈന അംഗീകരിച്ചില്ല. തൊട്ടുപുറകേ ഹാഫിസ് താൽഹ സയീദിനെതിരെയുള്ള നടപടിയും നിർത്തി വയ്‌ക്കാൻ ചൈനയ്‌ക്കായി. ഈ വിഷയങ്ങളെ കൃത്യമായി പേരെടുത്ത് പറയാതെയാണ് ജയശങ്കർ രേഖാമൂലം വിമർശിച്ചത്.
Comments