ജയ്പൂർ: ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ രാജസ്ഥാനിൽ സജ്ജമായി. രാജ്‌സമന്ദ് ജില്ലയിലെ നാഥ്ദ്വാര ടൗണിലാണ് പരമശിവന്റെ 369 അടി ഉയരമുള്ള പ്രതിമയായ ‘വിശ്വാസ് സ്വരൂപം’ തയ്യാറായത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയെന്ന് അവകാശപ്പെടുന്ന ഈ സ്തൂപത്തിന്റെ ഉദ്ഘാടനം ശനിയാഴ്ചയാണ് നടക്കുക. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, നിയമസഭാ സ്പീക്കർ സി.പി ജോഷി തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുക്കും. ഉദയ്പൂരിൽ നിന്ന് 45 കിലോമീറ്റർ അകലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത് തത്പദം സൻസ്ഥാനാണ്.
പ്രതിമയുടെ ഉദ്ഘാടനം പൂർത്തിയായാൽ നവംബർ 6 വരെ നീളുന്ന ഒമ്പത് ദിവസത്തെ സാംസ്‌കാരിക പരിപാടികൾ ഇവിടെ സംഘടിപ്പിക്കുമെന്ന് സൻസ്ഥാൻ ട്രസ്റ്റിയും മിറാജ് ഗ്രൂപ്പ് ചെയർമാനുമായ മദൻ പലിവാൾ അറിയിച്ചു. പ്രഭാഷകനായ മൊറാരി ബാപ്പു ഈ ഒമ്പത് ദിവസങ്ങളിലും ഇവിടെ രാമകഥ പാരായണം ചെയ്യും. ശ്രീനാഥ്ജി നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ശിവപ്രതിമ വിനോദസഞ്ചാര മേഖലയ്‌ക്കും മുതൽക്കൂട്ടാകുമെന്ന് മദൻ പലിവാൾ പറഞ്ഞു.
പരമശിവൻ ധ്യാന രൂപത്തിലിരിക്കുന്ന ഭാവത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 20 കിലോമീറ്റർ അകലെ നിന്ന് പോലും പ്രതിമ ദൃശ്യമാകുമെന്ന് പറയപ്പെടുന്നു. നാല് ലിഫ്റ്റുകളും മൂന്ന് കോണിപ്പടികളും പ്രതിമ കാണാൻ എത്തുന്നവർക്ക് സജ്ജമാക്കിയിട്ടുണ്ട്. മൂവായിരം ടൺ സ്റ്റീലും ഇരുമ്പും 2.5 ലക്ഷം ക്യൂബിക് ടൺ കോൺക്രീറ്റും മണലും ഉപയോഗിച്ച് പത്ത് വർഷമെടുത്താണ് പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയത്.
2012 ഓഗസ്റ്റിലായിരുന്നു പ്രതിമയുടെ നിർമാണത്തിനായി അടിത്തറ പാകിയത്. 250 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ കഴിയുന്ന ഈ ശിവപ്രതിമ വരുന്ന 250 വർഷത്തേക്ക് നിലകൊള്ളുമെന്നും അധികൃതർ അറിയിച്ചു.
Comments