ന്യൂഡൽഹി: വ്യാജവാർത്ത പ്രചരിപ്പിച്ച ദി വയർ മാദ്ധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ. മാദ്ധ്യമത്തിനെതിരെ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളുടെ ഉടമയായ മെറ്റയുടെ ‘എക്സ് ചെക്കർ’ അംഗമാണ് അമിത് മാളവ്യയെന്നും കേന്ദ്രസർക്കാരിനെയോ ബിജെപിയെയോ ഹിന്ദുത്വത്തെയോ വിമർശിക്കുന്ന പോസ്റ്റുകൾ മാളവ്യയ്‌ക്ക് ഉടൻ നീക്കം ചെയ്യാൻ കഴിയുമെന്നുമായിരുന്നു വ്യാജ വാർത്ത.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്. വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ താൻ അഭിഭാഷകരുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ക്രിമിനൽ നിയമ നടപടിമാത്രമല്ല. തനിക്കെതിരെ വ്യാജ രേഖകൾ ചമച്ച് തന്റെ അന്തസ്സിന് കോട്ടമുണ്ടാക്കാൻ ശ്രമിച്ച മാദ്ധ്യമത്തിനെതിരെ സിവിൽ നടപടിയും സ്വീകരിക്കും. അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.
അമിത് മാളവ്യയ്‌ക്കെതിരായ വ്യാജ വാർത്തയ്‌ക്കെതിരെ മെറ്റ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ഗൈ റോസൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമ നടപടി സ്വീകരിക്കുമെന്ന് അമിത് മാളവ്യ അറിയിച്ചത്. അത്യന്തം വിചിത്രവും അസത്യങ്ങളാൽ നിറഞ്ഞതുമായ വാർത്തകളാണ് ‘ദി വയർ’ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നായിരുന്നു ഗൈ റോസന്റെ പ്രതികരണം. റിപ്പോർട്ടിൽ പറയുന്ന യുആർഎൽ തന്നെ നിലവിൽ ഇല്ലാത്തതാണെന്നും ലേഖനത്തിൽ ആരോപിക്കുന്ന കാര്യങ്ങളെല്ലാം പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും ഗൈ റോസൻ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം രൂക്ഷമായ വിമർശനം ഉയർന്നതിന് പിന്നാലെ വാർത്ത പിൻവലിച്ച് വയർ മാപ്പ് പറഞ്ഞു രംഗത്തെത്തി. വായനക്കാർക്കായി ഇനി സത്യസന്ധമായ വാർത്തകൾ മാത്രമേ നൽകൂ എന്ന ഉറപ്പ് തരുന്നുവെന്നും ഭാവിയിൽ ഏതൊരു വാർത്തയും പ്രസിദ്ധീകരിക്കുന്നതിന് മുൻപായി അതിന്റെ ആധികാരികതയും സത്യസന്ധതയും പരിശോധിക്കുമെന്നുമാണ് വയർ പ്രസിദ്ധീകരിച്ച ഖേദപ്രകടനത്തിൽ വ്യക്തമാക്കിയത്. വയർ നൽകിയ വ്യാജവാർത്ത കേരളത്തിലെ ഇടത് ജിഹാദി അനുകൂല മാദ്ധ്യമങ്ങളുൾപ്പെടെ ആഘോഷമാക്കിയിരുന്നു. എന്നാൽ വാർത്ത പിൻവലിച്ച കാര്യം ഈ മാദ്ധ്യമങ്ങൾ നൽകാൻ തയ്യാറായിട്ടില്ല.
















Comments