വാഷിംഗ്ടൺ : ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവച്ചത്. സ്വബോധമുള്ള വ്യക്തിയുടെ കൈകളിലാണ് ട്വിറ്റർ ഇപ്പോൾ എത്തിയിരിക്കുന്നത്. വ്യാജന്മാർ ഇനി അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കില്ല. അത്തരക്കാരെ തടയുന്നതിന് കഠിനമായി പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മസ്‌കിനെ അഭിനന്ദിച്ച് ട്രംപ് രംഗത്തെത്തിയെങ്കിലും നിലവിലെ സാഹചര്യത്തിൽ ട്രംപിന്റെ ഉൾപ്പെടെ സസ്‌പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകൾ ഉടനടി വീണ്ടെടുക്കാൻ സാധിക്കില്ല.
ട്രംപിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതിന് ശേഷം മസ്കിന് അഭിനന്ദനവുമായി എത്തിയെന്ന് പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ ഈ അഭിനന്ദനം വ്യാജമായി പ്രചരിച്ചതായിരുന്നു. ട്വിറ്റർ ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയ അവസരത്തിലാണ് ട്രംപിന്റെ പേരിൽ വ്യാജ പ്രചാരണം നടന്നത്.ട്വിറ്റർ വാങ്ങിയതിന് എലോൺ മസ്‌കിന് അഭിനന്ദനങ്ങൾ. പഴയ അധികാരികളുടെ നയങ്ങളിൽ മാറ്റ്ം ആവശ്യമാണെന്ന് പലരും പറയുന്നുണ്ട്. സസ്‌പെൻഡ് ചെയ്ത എന്റെ അക്കൗണ്ട് തിങ്കളാഴ്ച മുതൽ പ്രവർത്തിപ്പിക്കാം എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുക്ക് കാണാം എന്നായിരുന്നു പ്രചരിച്ച വ്യാജസന്ദേശം.
തർക്കങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. ഏറ്റെടുത്ത് മണിക്കൂറുകളക്ക് ശേഷം ട്വിറ്ററിന്റെ തലപ്പത്ത് അഴിച്ചുപണി നടത്തിയിരിക്കുകയാണ് മസ്‌ക്. ട്രംപിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങളിൽ നേതൃത്വം നൽകിയവരെ മസ്ക് പുറത്താക്കി. ട്വിറ്ററിന്റെ സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി വിജയ ഗാഡെ തുടങ്ങിയവരെയാണ് പുറത്താക്കിയത്.പിന്നാലെ തങ്ങൾ വ്യത്യസ്തമാർന്ന കാഴ്ചപ്പാടുള്ള ഒരു കൗൺസിൽ രൂപികരിക്കുമെന്ന് മസ്‌ക് പറഞ്ഞു. രൂപികരണത്തിന് മുൻപ് ഉള്ളടക്കങ്ങൾ സംബന്ധിച്ച് തീരുമാനം എടുക്കുന്നതോ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കലുകളോ നടക്കില്ല.ഒപ്പം എല്ലാവർക്കും വേണ്ടിയുള്ള ഒരു സൗജന്യ പ്ലാറ്റ്‌ഫോമാകാനും തങ്ങൾക്ക് സാധിക്കില്ല. എല്ലാ നിയമങ്ങളും പാലിച്ച് ഉപയോക്താക്കൾക്ക് ഇണങ്ങുന്ന വിധത്തിൽ പ്രവർത്തിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.
44 ബില്യൺ ഡോളറിനാണ് അദ്ദേഹം ട്വിറ്റർ ഏറ്റെടുത്തത്. വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറിയിരുന്നത്. വ്യാജ അക്കൗണ്ടുകൾ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചുവെന്ന് മസ്‌ക് ആരോപിച്ചിരുന്നു. വരും ദിവസങ്ങളിൽ ട്വിറ്ററിൽ നിന്നും കൂടുതൽ ജീവനക്കാരെ മസ്‌ക് പിരിച്ചു വിട്ടേക്കും എന്നാണ് റിപ്പോർട്ട്. വ്യാജ അക്കൗണ്ടുകളിലും നിർണായകമായ നീക്കം ഉണ്ടായേക്കും.
Comments