പാലക്കാട്: വിദേശമദ്യവിൽപ്പനയ്‌ക്കിടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. ചെർപ്പുളശ്ശേരി ബ്രാഞ്ച് അംഗം സുരേഷ് ബാബുവാണ് പിടിയിലായത്. 270 ലിറ്റർ വിദേശമദ്യം ഇയാളിൽ നിന്ന് പിടികൂടി.
ചെർപ്പുളശ്ശേരിയിലെ ഇയാളുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് വിദേശ മദ്യം പിടി കൂടിയത്. 600 മദ്യകുപ്പികളിലായാണ് 270 ലിറ്റർ മദ്യം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ സുരേഷ് ബാബുവിനെയും കൂട്ടാളികളായ പ്രമോദ്, അബ്ദുൾ ഹക്കീം എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മാഹിയിൽ നിന്ന് എത്തുമ്പോൾ വാഹനത്തിന് മുന്നിലും പിന്നിലുമായി ഇവർ വാഹനങ്ങളെ എസ്‌കോർട്ട് വിട്ടിരുന്നു. ഈ വണ്ടികളും പോലീസ് പിടിച്ചെടുത്തു.
ഉയർന്ന വിലയ്‌ക്ക് മദ്യം വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. മാഹിയിൽ നിന്ന് വിദേശമദ്യം എത്തിച്ച് അട്ടപ്പാടിയിൽ വിൽപ്പന നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്തരത്തിൽ ഉയർന്ന വിലയ്‌ക്ക് അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തിയിരുന്നതായി പോലീസ് അറിയിച്ചു.
















Comments