ഏറെ നാളായി തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന രോഗവിവരം വെളിപ്പെടുത്തി തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. മയോസൈറ്റിസ് എന്ന രോഗം മൂലം ചികിത്സയിലാണെന്ന് ഇൻസ്റ്റഗ്രാമിലൂടെ താരം തെളിപ്പെടുത്തി. കൈയ്യിൽ ഐവി ഡ്രിപ്പിട്ട്, മുന്നിൽ മൈക്ക് വെച്ചിരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. ടിവിയിൽ യശോദ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറും കാണുന്നുണ്ട്.
യശോദയുടെ ട്രെയിലറിനോടുള്ള ജനങ്ങളുടെ മികച്ച പ്രതികരണത്തിന് നന്ദി അറിയിച്ച താരം ഈ സ്നേഹവും ബന്ധവും എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള കരുത്ത് തനിക്ക് തരുന്നുവെന്ന് പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുൻപ് തനിക്ക് മയോസൈറ്റിസ് എന്നരോഗാവസ്ഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അത് കുറഞ്ഞതിന് ശേഷം എല്ലാവരെയും അറിയിക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുകയാണ് ഇപ്പോൾ.
നമ്മൾ എല്ലായ്‌പ്പോഴും ശക്തമായ ഒരു മുന്നേറ്റം നടത്തേണ്ട ആവശ്യമില്ലെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. സ്വന്തം ദുർബലാവസ്ഥ അംഗീകരിക്കാൻ ഇപ്പോഴും തനിക്ക് സാധിച്ചിട്ടില്ല. താൻ വളരെ വേഗം പൂർണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർക്ക് ഉറപ്പുണ്ട്. ഇതിനിടെ നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടായിട്ടുണ്ട്… ശാരീരികമായും വൈകാരികമായും…. ഇനിയും ഒരു ദിവസം കൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോഴും, എങ്ങനെയോ ആ നിമിഷം കടന്നുപോകുന്നു, അതിനർത്ഥം തിരിച്ചുവരവിലേക്ക് ഒരു ദിവസം കൂടി അടുത്തിരിക്കുന്നു എന്നാണ്. ഐ ലവ് യു. ഇതും കടന്നുപോകും, എന്നാണ് താരം കുറിച്ചിരിക്കുന്നത്.
സാമന്തയ്‌ക്ക് ഗുരുതരമായ ചർമ്മ രോഗം പിടിപെട്ടുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോയെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
















Comments