എറണാകുളം: പറവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥിക്കൂടം കണ്ടെത്തി. പ്രദേശവാസിയായ അനിൽ എന്നയാളുടെ അസ്ഥിക്കൂടമാണിതെന്നാണ് പോലീസ് സംശയിക്കുന്നത്.
ശനിയാഴ്ച വൈകീട്ടോടെയാണ് പറവൂർ തിട്ടപ്പള്ളിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥിക്കൂടം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ അനിലിന്റെ അസ്ഥിക്കൂടമാണ് ഇതെന്ന് പോലീസ് പറയുന്നു. കാണാതാകുന്ന സമയത്ത് അനിൽ ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും സമീപത്ത് നിന്നും കണ്ടെടുത്തു. ഇവ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിൽ തന്നെയായിരിക്കാം എന്ന നിഗമനത്തിൽ പോലീസ് എത്തിയത്.
അസ്ഥിക്കൂടം കണ്ടെത്തിയ പറമ്പ് അനിലിന്റെ പേരിലുള്ളതാണ്. ഇവിടെ വന്ന് അനിൽ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്. ആളൊഴിഞ്ഞ ഇടമായതിനാൽ ഈ വിവരം പുറത്തറിയാതെ പോയതാകാമെന്നാണ് അനുമാനം. പോസ്റ്റ്‌മോർട്ടം, ഡിഎൻഎ പരിശോധനകൾ നടത്തിയതിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്ന് പോലീസ് അറിയിച്ചു. നിലവിൽ അസ്ഥിക്കൂടം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
















Comments