സോൾ : ഹാലോവീൻ ആഘോഷത്തിനിടെ തിരക്കിൽ പെട്ട് മരിച്ചവരുടെ എണ്ണം 146 ആയി. 150 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഹാലോവീൻ ആഘോഷമാണ് ദുരന്തത്തിൽ കലാശിച്ചത്.
ഇറ്റാവോൺ ജില്ലയിലെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ സോളിലുടനീളമുള്ള ആശുപത്രികളിലേക്ക് അടിയന്തിരമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സോളിലെ യോങ്സാൻ അഗ്‌നിശമന വിഭാഗം മേധാവി ചോയ് സിയോങ്-ബിയോം പറഞ്ഞു. നിരവധി പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും തെരുവിൽ തന്നെയാണ്.
സോളിലെ പ്രധാന പാർട്ടി സ്ഥലമായ ഹാമിൽട്ടൺ ഹോട്ടലിന് സമീപമുള്ള ഇടുങ്ങിയ ഇടവഴിയിൽ ഒരു വലിയ ജനക്കൂട്ടം തിരക്കിക്കൊണ്ട് മുന്നോട്ട് നീങ്ങാൻ തുടങ്ങിയതാണ് വൻ ദുരന്തമുണ്ടാകാൻ കാരണമെന്നാണ് കരുതപ്പെടുന്നത്. തിരക്കിൽ പെട്ട് ജനങ്ങൾക്ക് പെട്ടെന്ന് ഹൃദയസ്തംഭനവും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു.
രക്ഷാപ്രവർത്തനങ്ങൾക്കായി രാജ്യത്തുടനീളമുള്ള 400-ലധികം എമർജൻസി വർക്കർമാരെയും 140 വാഹനങ്ങളെയും തെരുവുകളിൽ വിന്യസിച്ചുകഴിഞ്ഞു. മരിച്ചവരുടെയും ചികിത്സയിൽ കഴിയുന്നവരുടെയും എണ്ണം എടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളോട് പെട്ടെന്ന് തന്നെ വീടുകളിലേക്ക് മടങ്ങാൻ ഭരണകൂടം അഭ്യർത്ഥിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴും പുറത്തുവിടാനായിട്ടില്ല.
കൊറോണ മഹാമാരിയുടെ ഭീതി ഒഴിഞ്ഞതിന് ശേഷമുളള ആദ്യ ഹാലോവീൻ ആഘോഷമായിരുന്നു ഇത്. നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് നടന്ന ഏറ്റവും വലിയ ആഘോഷങ്ങൾക്കായി ഏകദേശം 100,000 ആളുകൾ ഇറ്റവോൺ തെരുവുകളിലേക്ക് ഒഴുകിയെത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
















Comments