ഭോപ്പാൽ: റോഡ് നിർമ്മാണത്തിന് മുന്നോടിയായി ഭൂമി പൂജ നടത്തി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലിലെ കോലാർ മേഖലയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി നഗറിലെ സിമന്റ് കോൺക്രീറ്റ് റോഡിന്റെ നിർമ്മാണത്തിനാണ് ചൗഹാൻ ഭൂമി പൂജ നടത്തിയത്. ആറ് വരി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായാണ് മുഖ്യമന്ത്രി പൂജ ചെയ്തത്. തുടർന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു.
റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. 15 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണ ചെലവ് 225 കോടിയാണ്. വരുന്ന 30 വർഷത്തേയ്‌ക്ക് അറ്റകുറ്റ പണികൾ ആവശ്യമായി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനത്തിന്റെ പുത്തൻ മാതൃകയാകും റോഡ് എന്നും അദ്ദേഹം പറഞ്ഞു. റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത് നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോഡ് നിർമ്മാണം നൂതനമായി ആസൂത്രണം ചെയ്യണമെന്നും ചിട്ടയായി പദ്ധതികൾ നടപ്പിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡിലെ കുഴികൾ അടയ്‌ക്കുന്നത് നിർത്തിയാൽ മാത്രമേ മികച്ച രീതിയിൽ പദ്ധതികൾ ആവിഷ്‌കരിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോലാർ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എലിവേറ്റ് റോഡുകളും റോപ് വേകളും വൈകാതെ നഗരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ശുചീകരണ മേഖലയിലും വൻ മുന്നേറ്റങ്ങൾ ഭോപാലിൽ നടത്തും.രാജ്യത്ത് ഏറ്റവും വൃത്തിയുള്ള തലസ്ഥാനമാണ് ഭോപ്പാൽ. നഗരത്തെ വൃത്തിയോടെ പരിപാലിക്കുന്ന ജനങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഗോപാൽ ഭാർഗവ, എംപി സാധ്വി പ്രജ്ഞ ഠാക്കൂർ, എംഎൽഎ രാമേശ്വർ ശർമ, ഭോപ്പാൽ മേയർ മാൽതി റായ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
















Comments