വൈവിധ്യമാർന്നതും സവിശേഷമായതുമായ നിർമ്മിതികളുടെ ആസ്ഥാനമാണ് നമ്മുടെ ഭാരതം. കോട്ടകളിലും കൊട്ടാരങ്ങളിലും എന്തിനേറെ പറയുന്നു കിണറുകളിൽ പോലും ഭാരതത്തിലെ കലാകാരന്മാരുടെയും അധ്വാനശീലരായ ആയിരക്കണക്കിന് ആളുകളുടെയും കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ടാവും.മനുഷ്യായുസിന്റെ ഇടയ്‌ക്ക് ഓരോ ഭാരതീയനും ഒരു തവണയെങ്കിലും സന്ദർശിക്കേണ്ട ഇടങ്ങളാണിവ.
അക്കൂട്ടത്തിൽ വറ്റിവരളുന്ന വേനലിനെ പ്രതിരോധിക്കാനായി നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച ഭീമൻ കിണറുകൾ അത്ഭുതക്കാഴ്ചകൾ തന്നെയാണ്. ഇതിൽ ചരിത്രകാരന്മാരും സഞ്ചാരികളും പുകഴ്‌ത്തുന്ന ഒരു നിർമ്മിതിയാണ് രാജസ്ഥാനിലെ ചന്ദ് ബയോറി എന്ന പടി കിണർ. ജയ്പൂരിനടുത്ത് ആഭാനേരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ പടിക്കിണറിന് ആയിരത്തിലധികം വർഷത്തെ ചരിത്രമാണ് പറയാനുള്ളത്.പ്രതാപകാലത്തിന്റെ മഹത്തായ ശേഷിപ്പുകൾ കാത്ത് സൂക്ഷിക്കുന്ന ജലസംഭരണി.
പതിമൂന്ന് നിലകളിലായി ത്രികോണാകൃതിയിൽ നിർമ്മിച്ച പടികൾ ഉള്ള ആഴമേറിയ കിണറാണ് ചന്ദ് ബയോറി. എട്ടാം നൂറ്റാണ്ടിന്റെയും ഒമ്പതാം നൂറ്റാണ്ടിന്റെയും ഇടയ്‌ക്ക് രാജ്യത്തെ ജനങ്ങളുടെ ദാഹമകറ്റുന്നതിനായി ഗുർജര-പ്രതിഹാര വംശത്തിലെ ചാന്ദ് രാജ മഹാരാജാവ് നിർമ്മിച്ചതാണ് ഈ കിണർ.ഏകദേശം 3500 പടികളും 19.5 മീറ്റർ ആഴവുമുള്ള ഈ കിണറിന്റെ ജ്യാമിതീയ പാറ്റേൺ ആധുനിക തലമുറയ്‌ക്ക് മനസിലാക്കാവുന്നതിലും അപ്പുറമാണ്. കുത്തനെ നിൽക്കുന്ന ത്രികോണാകൃതിയിൽ ഉള്ള പടികൾ ചരിഞ്ഞു മാത്രം മുകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യാൻ പാകത്തിനാണ് നിർമ്മിച്ചിരിക്കുന്നത് . അതായത് നേരെ കുത്തനെ മുകളിലേക്ക് കയറാനോ ഇറങ്ങാനോ സാധിക്കില്ല. സുരക്ഷയെ കരുതിയാണ് ഈ മാതൃക സ്വീകരിച്ചിരിക്കുന്നത്.
കിണറിന്റെ മൂന്ന് വശങ്ങളിൽ പടികളും നാലാമത്തെ വശം മൂന്ന് നിലകളുള്ള ഇടനാഴികളുമാണുള്ളത്. ഒമ്പതാം നൂറ്റാണ്ടിലെ ഭാരതത്തിലെ ശില്പചാരുത ഇടനാഴികളിലെ തൂണുകളിൽ കാണാം. ഖജുരാഹോ ക്ഷേത്രങ്ങൾക്കും താജ്മഹലിനും മുൻപ് നിർമ്മിക്കപ്പെട്ട ഈ കിണർ ഇന്നും പ്രൗഢിയോടെ തന്നെയാണ് തല ഉയർത്തി നിൽക്കുന്നത്. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ പോലും ദുഷ്‌കരമാണ് ഇത്തരം നിർമ്മിതികൾ പൂർത്തിയാക്കുക എന്നത്. സാങ്കേതിക വിദ്യകളുടെ അഭാവമുള്ള അക്കാലത്ത് ഇത്ര മനോഹരമായ ഒരു നിർമ്മിതി അത്ഭുതപ്പെടുത്തുന്നതാണെന്ന് പറയാതെ വയ്യ. അതിലൂടെ തെളിയുന്നത് ഭാരതത്തിന്റെ നിർമ്മാണ വൈദഗ്‌ദ്ധ്യത്തിന്റെ മഹനീയത തന്നെയാണ്.
















Comments