വഡോദര: ഇന്ത്യ വളരുന്ന വിപണിയാണെന്ന് മാരുതി സുസുക്കി എംഡി ഹിസാഷി തകെയൂച്ചി. ധാരാളം ബിസിനസ് സാദ്ധ്യതകളുളള മണ്ണാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ വഡോദരയിൽ സി 295 എയർക്രാഫ്റ്റ് നിർമാണ പ്ലാന്റിന്റെ തറക്കല്ലിടൽ ചടങ്ങിനെത്തിയ അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യയിലേക്ക് കടന്നുവരിക എന്നത് ഏതൊരു വിദേശ കമ്പനിയെ സംബന്ധിച്ചും ബുദ്ധിപരമായ തീരുമാനമാണ്. നിരവധി വിദേശ കമ്പനികൾ അങ്ങനെ കരുതുന്നുണ്ട്. ഇന്ത്യ വളർന്നുകൊണ്ടിരിക്കുന്ന വിപണിയാണ്. ധാരാളം ബിസിനസ് സാദ്ധ്യതകൾ ഇവിടെയുണ്ട് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഗുജറാത്തിലെ ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റ് വിപുലീകരിക്കും. ബാറ്ററി നിർമാണ ഫാക്ടറിയും ഇതോടൊപ്പം സജ്ജീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ഖാർഖോഡയിലും കമ്പനി പുതിയ ഫാക്ടറിയുടെ നിർമാണം തുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കമ്പനിയുടെ ഭാവി പരിപാടികളെക്കുറിച്ച് ചോദിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓഗസ്റ്റിൽ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ഇന്ത്യയിലെ പ്രവർത്തനത്തിന്റെ നാൽപതാം വാർഷികം ഗുജറാത്തിൽ ആഘോഷിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ജപ്പാൻ വർക്കിങ് കൾച്ചറും ഇന്ത്യൻ വർക്കിങ് കൾച്ചറും ഉചിതമായ രീതിയിൽ ചേർന്ന് പോകുന്നതാണെന്നതിന് തെളിവാണിത്. ഇത്തരം പൊരുത്തങ്ങൾ വ്യവസായ ലോകത്തിന് കൂടുതൽ വളർച്ചയാണ് സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ – ജപ്പാൻ ബന്ധത്തിന്റെ എഴുപതാം വാർഷികവും അദ്ദേഹം സൂചിപ്പിച്ചു. ഇരുരാജ്യങ്ങളുടെയും പുരോഗതിയുടെ ചരിത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രണ്ട് സംസ്‌കാരങ്ങളും നന്നായി പൊരുത്തപ്പെടുന്നതാണെന്നും ഭാവിയിൽ കൂടുതൽ ശക്തമാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ ബുളളറ്റ് ട്രെയിൻ പദ്ധതിയെയും അദ്ദേഹം പ്രകീർത്തിച്ചു. ഏറ്റവും മികച്ച പദ്ധതിയാണിത്. ജപ്പാൻ അതിശക്തമായി പദ്ധതിയെ പിന്തുണയ്‌ക്കുന്നു. അത് വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















Comments