തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ കുടുംബത്തിനും പങ്കുണ്ടെന്ന് സഹോദരൻ ഷിമോൺ. മുൻകൂട്ടി ആസൂത്രണം നടത്തിയ ശേഷമാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. ഗ്രീഷ്മയെ അനുകൂലിക്കുന്ന നിലപാട് ആയിരുന്നു പോലീസ് പുലർത്തിയിരുന്നതെന്നും ഷിമോൺ വ്യക്തമാക്കി.
ഗ്രീഷ്മ വിളിച്ചത് പ്രകാരം വീട്ടിൽ പോയപ്പോൾ അവിടെ മാതാപിതാക്കൾ ഉണ്ടായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം അറിയാവുന്ന അവർ ഷാരോണിനോട് ഒന്നും ചോദിച്ചില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് സംശയമുളവാക്കുന്നു. കസിൻ പറഞ്ഞത് പ്രകാരമാണ് ഡോക്ടർ വീട്ടിൽ എത്തി പരിശോധന നടത്തിയത് എന്നാണ് ഗ്രീഷ്മ പറഞ്ഞത്. കഷായം കസിനാണ് നൽകിയത് എന്നും പറഞ്ഞിരുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കട്ടെ.
ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ച ശേഷമാണ് ഗ്രീഷ്മയെ ഷാരോൺ താലി കെട്ടിയത്. ഇതിന് ശേഷം ഇവർ പുറത്തുപോയിരുന്നു. ഗ്രീഷ്മയാണ് താലി തിരഞ്ഞെടുത്തത്. നെറുകയിൽ സിന്ദൂരം തൊടാൻ ആവശ്യപ്പെട്ടതും ഗ്രീഷ്മയായിരുന്നു. വെട്ടുകാട് പള്ളിയിൽവെച്ചാണ് ഗ്രീഷ്മയ്‌ക്ക് ഷാരോൺ സിന്ദൂരം ചാർത്തിയത്.
പലതവണയായി ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. സെപ്തംബർ 25 നും ഷാരോൺ ഛർദ്ദിച്ചിരുന്നു. തുടർന്ന് പാറശ്ശാലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഗ്യാസിനുള്ള മരുന്നുകൾ നൽകി വീട്ടിലേക്ക് തിരിച്ചയച്ചു. അതിന് രണ്ട് ദിവസം മുൻപ് ഷാരോണും ഗ്രീഷ്മയും പുറത്തുപോയിരുന്നു. കേസ് അന്വേഷണത്തിൽ പോലീസിന് വീഴ്ചപറ്റി. ഗ്രീഷ്മയെ അനുകൂലിക്കുന്ന സമീപനമായിരുന്നു തുടക്കം മുതൽ പോലീസ് സ്വീകരിച്ചിരുന്നതെന്നും ഷിമോൺ പ്രതികരിച്ചു.
















Comments