ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിലുണ്ടായ കേബിൾ പാലം അപകടത്തിൽ മരണസംഖ്യ ഉയരുന്നു. അറുപതിലധികം പേർ മരിച്ചതായി ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെർജ വ്യക്തമാക്കി. അപകടം സംഭവിച്ച മച്ചു നദിക്കരയിൽ എത്തിയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
60ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 6.40ഓടെയായിരുന്നു അപകടം നടന്നതെന്നും മന്ത്രി ബ്രിജേഷ് മെർജ പ്രതികരിച്ചു. മോർബി ജില്ലയിലെ മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിൾ പാലമായിരുന്നു തകർന്ന് വീണത്.
രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം വ്യോമസേന വിമാനത്തിൽ എത്തി. വഡോദര എയർപോർട്ടിൽ നിന്ന് രാജ്‌കോട്ട് എയർപോർട്ടിലേക്ക് രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി യാത്ര തിരിച്ചതായി എൻഡിആർഎഫ് ഡിഐജി മൊഹ്‌സെൻ ഷാഹിദി അറിയിച്ചു. നേവിയിലെ 50 പേരും വ്യോമസേനയിൽ നിന്ന് 30 പേരും ഏഴ് അഗ്നിശമനസേനാ സംഘവും മോർബിയിലെത്തിയിട്ടുണ്ട്. ജാമ്‌നാനഗറിലുള്ള നേവൽ സ്റ്റേഷനിൽ നിന്ന് 40 പേരുടെ പ്രത്യേക സംഘത്തെയും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. മറൈൻ കമാൻഡോസ്, നീന്തൽ വിദഗ്ധർ എന്നിവരടങ്ങിയ സംഘമാണ് എത്തിയിട്ടുള്ളത്. അപകടത്തെ തുടർന്ന് രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രത്യേക ഐസോലേഷൻ വാർഡ് ആരംഭിച്ചു.
അപകടസമയത്ത് പാലത്തിൽ നൂറുക്കണക്കിന് ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പാലത്തിൽ 400 പേർ നിന്നിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
ദീപാവലി അവധിക്കും മറ്റുമായി നാട്ടിലെത്തിയ നിരവധിയാളുകൾ അപകടത്തിൽപ്പെട്ടുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. വിനോദസഞ്ചാരികൾ നിരന്തരമായി എത്തുന്ന സ്ഥലം കൂടിയാണിത്. പാലത്തിൽ പരിധിയിൽ അപ്പുറം ജനങ്ങൾ കയറിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. പാലം തകർന്ന് വീണപ്പോൾ ആളുകൾ മീതെയ്‌ക്ക് മീതെ വീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പ്രതികരിച്ചു.
ദുരന്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും അനുശോചനം രേഖപ്പെടുത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കും അപകടത്തിൽ പരിക്കേറ്റവർക്കും ധനസഹായം നൽകുമെന്നും പ്രധാനമന്ത്രിയും ഗുജറാത്ത് സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.
















Comments