വീടിന്റെ ഏത് ചുമർ നോക്കിയാലും അവിടെ പല്ലിയാണോ? പല്ലി കാഷ്ഠം വൃത്തിയാക്കി പൊറുതിമുട്ടി ഇരിക്കുകയാണോ? എങ്കിൽ അതിന് പരിഹാരമാർഗം എന്താണെന്ന് നോക്കാം..
വീട്ടകങ്ങളിൽ എന്തുകൊണ്ടാണ് പല്ലി പെരുകുന്നതെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. പല്ലിക്ക് കഴിഞ്ഞുകൂടാൻ പറ്റിയ സാഹചര്യം ഉണ്ടാകുമ്പോഴാണ് അവ വീടിനുള്ളിൽ പെരുകുക. അടുക്കളയിൽ ബാക്കി വന്ന ഭക്ഷണം ഇരിപ്പുണ്ടെങ്കിൽ അവ പല്ലികളെ ആകർഷിക്കും. ഭക്ഷണാവശിഷ്ടങ്ങൾ പിറ്റേന്ന് എടുത്ത് കളയാമെന്ന് കരുതി രാത്രി അടുക്കളയിൽ തുറന്ന് വെച്ച് പോകുന്നതും പല്ലിക്ക് അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ അപ്പോൾ തന്നെ നീക്കം ചെയ്യുകയും ആഹാരസാധനങ്ങൾ ബാക്കിയുണ്ടെങ്കിൽ അവ ഫ്രിഡ്ജുകളിലോ മറ്റ് അടച്ചുറപ്പുള്ള പാത്രങ്ങളിലോ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.
വീടുകളിലെ വെന്റിലേറ്ററുകൾ, എയർഹോളുകൾ, ജനാലകൾ, എക്‌സ്‌ഹോസ്റ്റ് ഫാൻ ഹോൾ എന്നിവ വഴി പല്ലികൾ പ്രവേശിക്കും. ഇവ നെറ്റ് വെച്ച് അടച്ചിടാൻ ശ്രദ്ധിക്കുക. താപനില വളരെ കൂടുതലുള്ള സമയമാണെങ്കിൽ പല്ലികൾ വീട്ടകങ്ങളിലേക്ക് പ്രവേശിക്കുമെന്ന് മനസിലാക്കുക. അതിനാൽ പ്രത്യേകിച്ചും അത്തരം സാഹചര്യങ്ങളിൽ വാതിലുകളും ജനലകളും അടച്ചിടുക. വീടിനകത്ത് മാലിന്യങ്ങളും പൊടിപടലങ്ങളും മാറാലകളുമൊക്കെ ഉണ്ടെങ്കിൽ അവയും പല്ലികളെ ആകർഷിക്കുന്നതാണ്. അതിനാൽ വീടിനകം എപ്പോഴും വൃത്തിയാക്കിയിടാനും ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കം ചെയ്യാനും ശ്രദ്ധിക്കുക. ചെറുചൂടുള്ള വെള്ളം അടുക്കളയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ടെങ്കിൽ അവിടേക്കും പല്ലികൾ ആകർഷിക്കപ്പെടുമെന്നത് ഓർക്കുക.
പല്ലികളെ തുരത്താൻ പെപ്പർ സ്പ്രേ ഉപയോഗിക്കാവുന്നതാണ്. പല്ലികൾ സ്ഥിരമായി വിഹരിക്കുന്ന സ്ഥലത്ത് സവാളയും വെളുത്തുള്ളിയും മുറിച്ച് വെയ്‌ക്കാവുന്നതാണ്. ഇവയുടെ ഗന്ധം പല്ലിയെ അസ്വസ്ഥതപ്പെടുത്തുമെന്നതിനാൽ ഉള്ളി വെച്ചിട്ടുള്ള ഭാഗത്തേക്ക് പല്ലികൾ അടുക്കില്ല.
പല്ലികൾ വരുന്ന ചുമരുകൾക്ക് സമീപം പാറ്റഗുളിക വെയ്‌ക്കാവുന്നതാണ്. പക്ഷെ വളർത്തുമൃഗങ്ങളും കുട്ടികളുമുള്ള വീടുകളാണെങ്കിൽ ഇത്തരം വസ്തുക്കൾ വെക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഈർപ്പമുള്ള പ്രതലങ്ങൾ പല്ലികളെ ആകർഷിക്കും. അതിനാൽ അടുക്കള എപ്പോഴും തുടച്ചിടാൻ ശ്രദ്ധിക്കുക. പൈപ്പിന് ലീക്ക് ഉണ്ടെങ്കിൽ അവ നേരെയാക്കുക. രാത്രി കിടക്കാൻ വരുന്നതിന് മുമ്പ് അടുക്കളയും ഡൈനിംഗ് ടേബിളും ഈർപ്പരഹിതമാണെന്ന് ഉറപ്പുവരുത്തുക.
മയിൽപ്പീലികൾ വീടിന്റെയുള്ളിൽ അങ്ങിങ്ങായി വെയ്‌ക്കുക. ഇത് പല്ലികൾക്ക് ഭയമുണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. മയിൽപ്പീലിയുടെ ഗന്ധം ഇവയെ തുരത്താൻ സഹായിക്കും. മുട്ടത്തോട് വെയ്‌ക്കുന്നതും പല്ലികളെ അകറ്റാൻ സഹായിക്കും. ജനാലയ്‌ക്ക് സമീപമുള്ള തിണ്ണകളിൽ മുട്ടത്തോടുകൾ വെയ്‌ക്കാം.. മുറിയുടെ ഏതെങ്കിലും രണ്ട് മൂലകളിൽ മുട്ടത്തോടുകൾ വെച്ചാൽ അവിടെയും പല്ലി ശല്യം ഒഴിവാക്കാവുന്നതാണ്.
















Comments