ഗാന്ധിനഗർ: ഗുജറാത്തിലെ കേബിൾ പാലം അപകടവുമായി ബന്ധപ്പെട്ട് ഒമ്പത് പേർ അറസ്റ്റിൽ. നവീകരണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്ത കമ്പനിയായ അജന്ത ഒരേവയുടെ രണ്ട് മാനേജമാർ, രണ്ട് ടിക്കറ്റ് വിൽപനക്കാർ, രണ്ട് കരാറുകാർ, മൂന്ന് സുരക്ഷാ ജീവനക്കാർ എന്നിവരാണ് അറസ്റ്റിലായതെന്ന് രാജ്‌കോട്ട് റെയ്ഞ്ച് ഐജി അശോക് യാദവ് അറിയിച്ചു. തെളിവുകൾ ഇനിയും ശേഖരിക്കാൻ കഴിഞ്ഞാൽ കൂടുതൽ ആളുകൾ അറസ്റ്റിലായേക്കും. ഗുജറാത്ത് പോലീസിന്റെ പ്രത്യേകാന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും ഐജി മാദ്ധ്യമങ്ങളെ അറിയിച്ചു.
യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയേദ് അൽ നഹ്യാൻ, പോളണ്ട് പ്രധാനമന്ത്രി മാത്യൂസ് മൊറാവേക്കി എന്നിവർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. നേരത്തെ സൗദി അറേബ്യയും റഷ്യയും ഇന്ത്യയിലെ യുഎസ് മിഷനും അനുശോചിച്ചിരുന്നു.
മോർബിയിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഉന്നത തലയോഗം നടന്നു. ഗാന്ധിനഗറിലെ രാജ്ഭവനിലാണ് യോഗം നടന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആഭ്യന്തരമന്ത്രി ഹർഷ സംഘവി, ചീഫ് സെക്രട്ടറി, ഗുജറാത്ത് ഡിജിപി എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച ദുരന്തബാധിത മേഖല പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മോർബിയിലെ മച്ഛു നദിക്ക് കുറുകെയുള്ള കേബിൾ പാലം ഞായറാഴ്ച വൈകിട്ടാണ് തകർന്ന് വീണത്. പാലത്തിൽ 500ലധികം ആളുകൾ ഉണ്ടായിരുന്നു. 140 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടുവെന്നാണ് വിവരം.
















Comments