ബംഗളൂരു: വിജയപുര സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ചരിത്ര നേട്ടവുമായി ബിജെപി. ആകെ സീറ്റുകളിൽ 17 എണ്ണവും ഒറ്റയ്‌ക്ക് നേടിയായിരുന്നു ബിജെപിയുടെ തേരോട്ടം. 35 സീറ്റുകളിലേക്ക് ആയിരുന്നു തിരഞ്ഞെടുപ്പ്.
വെള്ളിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ വൈകീട്ടോടെയായിരുന്നു ഫല പ്രഖ്യാപനം. ബിജെപിയ്‌ക്ക് എതിരെ മത്സരിച്ച കോൺഗ്രസ് 10 സീറ്റുകൾ നേടി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ജെഡിഎസ് ഒരു സീറ്റിൽ ഒതുങ്ങിയപ്പോൾ ആംആദ്മി സംപൂജ്യരാകുകയായിരുന്നു. സ്വതന്ത്രർക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പിൽ 18 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടിയിരുന്നത്. രണ്ട് സ്ഥാനാർത്ഥികൾക്ക് നിസ്സാര വോട്ടുകളുടെ വ്യത്യാസത്തിലാണ് സീറ്റ് നഷ്ടമായത്. എങ്കിലും സ്വതന്ത്രരുടെ പിന്തുണ ബിജെപിയ്‌ക്കുണ്ട്. ഈ സാഹചര്യത്തിൽ ഭരണം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.
2013 ലാണ് വിജയപുര സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ രൂപീകരിച്ചത്. ഇതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയിരുന്നു വെള്ളിയാഴ്ച നടന്നത്. മുനിസിപ്പൽ കോർപ്പറേഷൻ രൂപീകരിച്ചപ്പോൾ തന്നെ അംഗങ്ങളെയും തിരഞ്ഞെടുത്തിരുന്നു. ഇവരുടെ കാലാവധി അവസാനിച്ചതോടെയായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്. കാലാവധി പ്രകാരം 2018ലായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത് എങ്കിലും വാർഡ് വിഭജനവുമായി ബന്ധപ്പെട്ട നടപടികൾ ഇഴഞ്ഞതിനാൽ തിരഞ്ഞെടുപ്പിലും കാലതാമസം ഉണ്ടായി.
















Comments