ലോകത്തെ എല്ലാ രാജ്യങ്ങളും കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോഴും, ഇപ്പോഴും കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ് ചൈന. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കൂടിയായ ചൈന ഇപ്പോഴും കർശനമായ ലോക്ഡൗൺ നിയന്ത്രണങ്ങളാണ് ജനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ‘സീറോ കൊവിഡ്’ എന്ന ലക്ഷ്യമിട്ടാണ് ചൈന നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. എന്നാൽ സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ജനങ്ങൾക്കിടയിൽ നിന്നും ഉയരുന്നത്.
സീറോ-കൊവിഡ് നയത്തിലൂടെ സർക്കാർ കൊല്ലാക്കൊല ചെയ്യുകയാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. സർക്കാരിനെതിരായ എല്ലാ അഭിപ്രായങ്ങളും രാജ്യത്ത് അടിച്ചമർത്തപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ നമ്മുടെ ബോളിവുഡിലെ ഒരു ഹിറ്റ് ഗാനമാണ് തങ്ങളുടെ ദുരവസ്ഥ വെളിവാക്കാനായി ചൈനക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. ഹിന്ദി സിനിമാ ഇതിഹാസം ബപ്പി ലാഹിരിയുടെ 1982ൽ പുറത്തിറങ്ങിയ ‘ഡിസ്‌കോ ഡാൻസർ’ എന്ന സിനിമയിലെ ‘ജിമ്മി ജിമ്മി ആജാ ആജാ’ എന്ന സൂപ്പർഹിറ്റ് ഗാനമാണിത്.
ടിക് ടോക്കിന് സമാനമായ സമൂഹമാദ്ധ്യമങ്ങളിലാണ് ഇത് ഹിറ്റായിരിക്കുന്നത്. മാൻഡരിൻ ഭാഷയിൽ ‘ജീ മി, ജീ മി’ എന്ന് വരുന്ന രീതിയിലാണ് ഇത് ചൈനക്കാർ പാടുന്നത്. ‘എനിക്ക് ചോറ് തരൂ, എനിക്ക് ചോറ് തരൂ’ എന്നാണ് ഇതിന്റെ അർത്ഥം. ലോക്ഡൗൺ സമയത്ത് അവശ്യസാധനങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണെന്ന് കാണിക്കുന്നതിനായി കാലിപ്പാത്രങ്ങൾ മുന്നിൽ വച്ചാണ് പലരും ഈ പാട്ട് പാടി അഭിനയിക്കുന്നത്. രാജ്യത്തെ വിമർശിക്കുന്ന ഏതൊരു പോസ്റ്റും അതിവേഗം നീക്കം ചെയ്യപ്പെടാറുണ്ടെന്നും, എന്നാൽ ഈ പാട്ട് സെൻസർമാരിൽ നിന്ന് രക്ഷപെട്ട് നിൽക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു.
Comments