പത്തനംതിട്ട : ഇലന്തൂർ ആഭിചാരകൊലക്കേസിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയാണെന്ന് സ്ഥിരീകരിച്ചു. 56 ശരീര അവശിഷ്ടങ്ങളിൽ ഒന്നിന്റെ ഫലമാണ് പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങളിൽ നിന്നാണ് ഡിഎൻഎ ലഭിച്ചത്. മുഴുവൻ ഡിഎൻഎ ഫലവും ലഭ്യമായാൽ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.
പത്മയുടെ മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നതിനെതിരെ ഇന്നലെ കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിണറായി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് പത്മയുടെ മകൻ സെൽവരാജ് ഉയർത്തിയത്.സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ എത്തി കഷ്ടപ്പെടുകയാണെന്നും സെൽവരാജ് വ്യക്തമാക്കി.അമ്മയുടെ മരണത്തിന് ശേഷം കേരള സർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിച്ചില്ല. അമ്മയുടെ ഘാതകർ വീണ്ടും പുറത്തു വന്നാൽ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന് ഉറപ്പാണ് തുടങ്ങിയ കാര്യങ്ങളാണ് സെൽവരാജ് പറഞ്ഞത്.
ജന്മം നൽകിയ അമ്മയുടെ അന്ത്യ സംസ്‌കാരം ചെയ്യാൻ പോലും സാധിക്കുന്നില്ല. ഇതിനകം തന്നെ അറുപതിനായിരം രൂപയിൽ അധികം ഇവിടെ നിൽക്കുന്നതുകൊണ്ട് ചിലവായി. കേസിന് പുറകെ നടക്കുന്നതുകൊണ്ട് ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. വലിയ തുക നൽകി വക്കീലിനെ വെച്ച് കേസ് നടത്താനുള്ള സാമ്പത്തിക ശേഷി തങ്ങൾക്കില്ല. സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ നിന്ന് വന്ന് കേരളത്തിൽ കഷ്ടപ്പെടുകയാണെന്നും യുവാവ് വ്യക്തമാക്കിയിരുന്നു.
Comments