ലക്‌നൗ:ഹത്രാസിൽ കലാപം നടത്താൻ ശ്രമിച്ചതിന് യുപി പോലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കോടതി. സിദ്ദിഖ് കാപ്പന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ ലക്‌നൗ ജില്ലാ കോടതിയാണ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുമായി കാപ്പൻ നിരന്തമായി ബന്ധപ്പെട്ടെന്നും കോടതിയുടെ പരാമർശമുണ്ട്.
പോപ്പുലർ ഫ്രണ്ട് യോഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു കാപ്പനെന്ന് കോടതി പറയുന്നു. പോപ്പുലർ ഫ്രണ്ട് നേതാവ് കെ.എ റൗഫ് ഷെരീഫുമായി കാപ്പൻ അടുത്ത ബന്ധം പുലർത്തിയിരുന്നു. റൗഫ് ഷെരീഫുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പൻ ഉൾപ്പെടെ നാലംഗ സംഘം ഹത്രാസിൽ എത്തിയത്. ഇവിടുത്തെ മത സൗഹാർദ്ദം തകർക്കുകയായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. കാപ്പന് വിദേശത്തു നിന്നും പണം ലഭിച്ചു. ഇത് ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്നും കോടതി വ്യക്തമാക്കി.
ഇന്നലെയാണ് ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാപ്പന് ജാമ്യം നിഷേധിച്ചത്. യുഎപിഎ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുന്നതിനാൽ കാപ്പന് ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ജാമ്യത്തിനായി കാപ്പൻ ലക്‌നൗ ജില്ലാ കോടതിയെ സമീപിച്ചത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് കാപ്പന്റെ നീക്കം.
















Comments