തിരുവനന്തപുരം: എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്‌ക്കൊപ്പം അഭിഭാഷകർക്കെതിരെയും കേസെടുക്കാൻ കാരണമായ യുവതിയുടെ മൊഴി പുറത്ത്. പരാതിക്കാരിയായ യുവതിയെ മർദിച്ച കേസിലാണ് എൽദോസിനെ കൂടാതെ മൂന്ന് അഭിഭാഷകരെ കൂടി പ്രതി ചേർത്തത്. പരാതി പിൻവലിക്കാൻ അഭിഭാഷകരുടെ മുന്നിലിട്ട് എൽദോസ് യുവതിയെ മർദ്ദിച്ചു. മൂന്ന് അഭിഭാഷകർ നോക്കി നിൽക്കെയാണ് എംഎൽഎ മർദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തതെന്ന് പരാതിക്കാരി മൊഴിയിൽ പറയുന്നു.
സാമ്പത്തിക തർക്കമാണ് കോവളത്തെ പരാതിക്ക് കാരണമെന്ന രേഖയിൽ ഒപ്പിടാൻ ഇവർ ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അഭിഭാഷകർ തടഞ്ഞു വച്ചു. തുടര്‍ന്ന് അഭിഭാഷകർ തന്നെ വാഹനത്തിൽ കയറ്റി നഗരത്തിൽ ചുറ്റിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുന്നപ്പിള്ളിയ്‌ക്കൊപ്പം മൂന്ന് അഭിഭാഷകർക്കെതിരെയും കേസെടുത്തിരിക്കുന്നത്.
മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും എൽദോസിന്റെ അഭിഭാഷകനുമായ കുറ്റ്യാണി സുധീർ, അഭിഭാഷകരായ അലക്സ്, ജോസ് എന്നിവരെയാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തതിനെതിരെ അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചിരുന്നു. എംഎൽഎയെയും അഭിഭാഷകരെയും കൂടാതെ ഓൺലൈൻ മാദ്ധ്യമ പ്രവർത്തകൻ രാഗം രാധാകൃഷണനെയും വഞ്ചിയൂർ പോലീസ് പ്രതി ചേർത്തിട്ടുണ്ട്.
















Comments