കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഹൈക്കോടതിയുടെ കർശന നിർദേശം. ഒരാഴ്ചയ്‌ക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാണ് കോടതിയുടെ നിർദേശം. ഓടകളും കനാൽ ശുചീകരണവും ദ്രുതഗതിയിൽ നടപ്പാക്കണം, കനാലുകളിലെ മാലിന്യ നിക്ഷേപം കുറയ്‌ക്കാൻ ഇടപെടണം, ഇവയ്‌ക്ക് എതിരായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും കോടതി നിർദേശം നൽകി. നവംബർ 11-ന് റിപ്പോർട്ട് നൽകാനും കൊച്ചി കോർപ്പറേഷന് നിർദേശം നൽകി.
ഒരു മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പാതിവഴിയിൽ നിലച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ പുനരുജ്ജീവിപ്പിക്കാത്തതാണ് വെള്ളക്കെട്ട് മാറാത്തതിന്റെ പ്രധാന കാരണം. ഓടകളിൽ പലയിടത്തും ഹോട്ടൽ മാലിന്യമടക്കം അടിഞ്ഞ് കൂടി വെള്ളം ഒഴുകാത്ത സാഹചര്യമാണുള്ളത്.
ഓടകളിലെ വെള്ളം ഒഴുകിയെത്തുന്ന മുല്ലശ്ശേരി കനാലിൽ മാലിന്യം അടിഞ്ഞ് ഒഴുക്ക് കുറവാണ്. കനാലിന്റെ ആഴം കൂട്ടണമെങ്കിൽ അടിത്തട്ടിലുള്ള കുടിവെള്ള പൈപ്പും മാലിന്യ പൈപ്പും മാറ്റണം. ഇതിന് വരുന്ന വലിയ ചെലവ് വഹിക്കാൻ നിലവിൽ ഫണ്ടില്ല. വെള്ളക്കെട്ടിന് ആര് പരിഹാരം കാണുമെന്ന് അറിയാതെ ആശങ്കയിലാണ് കൊച്ചിക്കാർ. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
















Comments