തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലെ പ്രതിയായ സന്തോഷിനെ പുറത്താക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കാര്യങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഇയാളെ പുറത്താക്കാനുള്ള നിർദ്ദേശം ഓഫീസിന് നൽകിയതായി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇയാൾ വകുപ്പ് ഉദ്യോഗസ്ഥനോ, സർക്കാർ ഉദ്യോഗസ്ഥനോ അല്ല. കരാർ തൊഴിലാളി മാത്രമാണെന്നും റോഷി അഗസ്റ്റിൻ വിശദീകരിച്ചു. റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു ഇയാൾ.
ജല അതോറിറ്റിയിലെ താത്കാലിക ജീവനക്കാരനായ ഇയാളെ കുടുക്കിയതും വകുപ്പിന്റെ വാഹനത്തിലുള്ള യാത്രയാണ്. ജല അതോറിറ്റിയുടെ ഇന്നോവ കാറിലാണ് പ്രതി രക്ഷപെടുന്നതെന്ന് സിസിടിവിയിൽ വ്യക്തമായിരുന്നു. കുറവൻകോണത്തെ വീട്ടിൽ ഈ കാറിലെത്തിയാണ് അതിക്രമിച്ച് കയറിയതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. മ്യൂസിയം പരിസരത്തെ ലൈംഗിക അതിക്രമം നടന്ന സമയത്തും ഈ കാർ മ്യൂസിയം പരിധിയിൽ ഉണ്ടായിരുന്നതായി സിസിടിവിയിൽ കണ്ടെത്തിയിരുന്നു.
അതേസമയം മ്യൂസിയം കേസിലെ പരാതിക്കാരിയായ വനിതാ ഡോക്ടറെ പോലീസ് തിരിച്ചറിയൽ പരേഡിനായി വിളിപ്പിച്ചിട്ടുണ്ട്. പരാതിക്കാരിയോട് രാവിലെ 10 മണിക്ക് മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പിടിയിലായ സന്തോഷിന് അക്രമിയുമായി രൂപസാദൃശ്യമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. തിരിച്ചറിയൽ പരേഡിൽ പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞാൽ ഇയാൾ ഈ കേസിലും പ്രതിയാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മ്യൂസിയം പരിസരത്ത് വച്ച് പരാതിക്കാരിയെ ആക്രമിച്ചയാളും കാറിൽ കയറിയായിരുന്നു രക്ഷപെട്ടത്.
















Comments