ആലപ്പുഴ : ചേർത്തലയിൽ യുവാവിനെയും യുവതിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യക്തത തേടി പോലീസ്. പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡ് ചെങ്ങണ്ട കരിയിൽ അനന്തകൃഷ്ണനെയും (കിച്ചു-23), സമീപത്തു വാടകയ്‌ക്കു താമസിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിയായ എലിസബത്തിനെയും(17) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ഒഴിഞ്ഞ പുരയിടത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. പെൺകുട്ടിയെ നിലത്തുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
പെൺകുട്ടിയും തൂങ്ങിമരിച്ചതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗം നടന്നിട്ടില്ല. ആദ്യം പെൺകുട്ടി തൂങ്ങി മരിച്ചശേഷം മൃതദേഹം അഴിച്ചു നിലത്തുകിടത്തി, അതേ തുണിയിൽ യുവാവും തൂങ്ങിയതാകാമെന്നാണ് പോലീസ് കരുതുന്നത്. ഫാബ്രിക്കേഷൻ തൊഴിലാളിയാണ് അനന്തകൃഷ്ണൻ.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ സ്‌കൂളിലേക്ക് പോയ പെൺകുട്ടി പരീക്ഷയ്‌ക്ക് എത്തിയില്ല എന്ന വിവരം സ്‌കൂൾ അധികൃതർ വിളിച്ച് പറഞ്ഞപ്പോഴാണ് വീട്ടുകാർ അറിയുന്നത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ കൊപ്ര ഷെഡിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Comments