ഡൽഹി: ‘ചേരി പുനരധിവാസ പദ്ധതി’ പ്രകാരം ഡൽഹിയിലെ കൽക്കാജിയിൽ പുതുതായി നിർമ്മിച്ച 3,024 വീടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. അർഹരായ ജനങ്ങൾക്ക് വീടിന്റെ താക്കോലുകളും പ്രധാനമന്ത്രി കൈമാറി. എല്ലാവർക്കും പാർപ്പിടം എന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് 376 ജുഗ്ഗി-ജോപ്രി ചേരിയിലെ ജനങ്ങൾക്ക് വീടുകൾ നൽകി പുനരധിവസിപ്പിച്ചതെന്ന് ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) അറിയിച്ചു.
സാധാരണക്കാർക്ക് വീടു നൽകാൻ കഴിഞ്ഞതിലും അവരുടെ സന്തോഷം അനുഭവിച്ചറിയാൻ സാധിച്ചതിലും നരേന്ദ്രമോദി സന്തോഷം പങ്കുവെച്ചു. ‘ആയിരക്കണക്കിന് ചേരി നിവാസികൾക്ക് ഇത് ഒരു വലിയ ദിവസമാണ്. ജീവിതത്തിലെ ഒരു പുതിയ തുടക്കം. അർഹരായ ഗുണഭോക്താക്കൾക്ക് ഞാൻ താക്കോൽ കൈമാറുമ്പോൾ, അവരുടെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ മുഖങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞു. കൽക്കാജി വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ 3,000-ലധികം വീടുകൾ നിർമ്മിച്ചു’ എന്നും പ്രധാനമന്ത്രി താക്കോൽ ദാനത്തിന് ശേഷം പറഞ്ഞു.
ജുഗ്ഗി ജോപ്രി ചേരിയിലെ താമസക്കാർക്ക് നല്ല സൗകര്യങ്ങളും ആരോഗ്യകരമായ ജീവിത അന്തരീക്ഷവും പ്രദാനം ചെയ്യുക എന്നതാണ് പുനരധിവാസ പദ്ധതിയുടെ ലക്ഷ്യം. കൽക്കാജി, ജയിലർവാലാ ബാഗ്, കത്പുത്‌ലി കോളനി എന്നിവിടങ്ങളിൽ മൂന്ന് പദ്ധതികളാണ് ഇത്തരത്തിൽ ഡിഡിഎ ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. ഏകദേശം 345 കോടി മുടക്കിയാണ് 3,024 വീടുകൾ പൂർത്തിയാക്കിയത്. വികസനം താഴെത്തട്ടിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചു.
Comments