ബെംഗളൂരു: കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ ഓർമ്മകൾ പങ്കുവെച്ച് വികാരാധീനനായി രജനികാന്ത്. പുനീതുമായി തനിക്കും കുടുംബത്തിനും അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാൽ പുനീതിന്റെ സംസ്ക്കാര ചടങ്ങുകളിൽ തനിക്ക് പങ്കെടുക്കാൻ സാധിച്ചില്ലെന്ന് രജനികാന്ത് പറഞ്ഞു. കർണാടകയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കർണാടക രത്ന പുനീതിന് നൽകി ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കലിയുഗത്തിൽ അപ്പു (പുനീത്) മാർക്കണ്ഡേയനെയും പ്രഹ്ലാദനെയും നചികേതനെയും പോലെയാണ്. അവൻ ദൈവത്തിന്റെ കുട്ടിയായിരുന്നു. ആ കുട്ടി കുറച്ചുകാലം ഞങ്ങൾക്കിടയിൽ ജീവിച്ചു. അവൻ ഞങ്ങളോടൊപ്പം കളിച്ചു ചിരിച്ചു. പിന്നീട് ആ കുട്ടി വീണ്ടും ദൈവത്തിന്റെ അടുത്തേയ്‌ക്ക് പോയി. അവന്റെ ആത്മാവ് നമ്മോടൊപ്പമുണ്ട്’ എന്നാണ് രജനികാന്ത് പറഞ്ഞത്.
എന്തുകൊണ്ടാണ് പുനീതിന്റെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാതെ ഇരുന്നതെന്നും രജനികാന്ത് വ്യക്തമാക്കി. ശസ്ത്രക്രിയ നടത്തി ഐസിയുവിൽ ആയിരുന്നതിനാൽ പുനീതിന്റെ മരണവിവരം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് തന്നെ അറിയിച്ചത്. മരണവിവരം കൃത്യസമയത്ത് അറിഞ്ഞാൽ പോലും ശസ്ത്രക്രിയയ്‌ക്ക് ശേഷം യാത്ര നിഷേധിച്ചതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് കഴിയുമായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
















Comments