ന്യൂഡൽഹി: ഭീകരാക്രമണം നടത്തിയ ഭീകരന്റെ വധ ശിക്ഷ ശരിവെച്ച് സുപ്രീംകോടതി. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖിന്റെ ശിക്ഷയാണ് ശരിവെച്ചത്. ഇയാൾ നൽകിയ പുന:പരിശോധനാ ഹർജിയും കോടതി തള്ളി.
കേസിൽ ഡൽഹി ഹൈക്കോടതിയാണ് ആരിഫിന് വധ ശിക്ഷ വിധിച്ചത്. ഇതിനെതിരെയായിരുന്നു പുന:പരിശോധനാ ഹർജിയുമായി ആരിഫ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് മുൻപാകെയായിരുന്നു ഹർജി. തെളിവുകളുടെ അടിസ്ഥാനത്തിൽ ആരിഫ് കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. അതിനാൽ കീഴ്‌ക്കോടതി വിധി അംഗീകരിക്കുന്നു. പുന:പരിശോധനാ ഹർജി തള്ളുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2000 ഡിസംബറിലായിരുന്നു ചെങ്കോട്ടയിൽ ഇയാൾ ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്ന് സൈനികർ വീരമൃത്യുവരിച്ചിരുന്നു. രജപുത് റൈഫിൾസിലെ അംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ അറസ്റ്റിലായ മുഹമ്മദ് 2014 ലായിരുന്നു ഹൈക്കോടതി വധശിക്ഷ വിധിച്ചത്. കൊലപാതകം, ഇന്ത്യയ്‌ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിക്കൊണ്ടായിരുന്നു കോടതി വിധി.
















Comments