ന്യൂഡൽഹി: മുംബൈ ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന മുൻ ന്യായാധിപന്റെ ഹർജി തള്ളി സുപ്രീംകോടതി. ഇത്തരം വിഷയങ്ങൾ അതാത് സംസ്ഥാനത്തെ നിയമസഭാ പ്രതിനിധികൾ ഒത്തുചേർന്ന് തീരുമാനിക്കുന്നതാണ് ഉചിതം എന്ന നിർദ്ദേശമാണ് ഉന്നത നീതിപീഠം നടത്തിയത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസും വിക്രം നാഥുമടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി തള്ളിയത്.
മുംബൈയിൽ വിവിധ കോടതികളിലായി 26 വർഷം ന്യായാധിപനായി പ്രവർത്തിച്ച വി.പി.പാട്ടീലാണ് ഹർജി നൽകിയത്. മഹാരാഷ്‌ട്രയുടെ വിശാലമായ പാരമ്പര്യവും ഗരിമയും വിളിച്ചോതുന്ന തരത്തിലായിരിക്കണം ഹൈക്കോടതിയുടെ പേര് എന്നാണ് പാട്ടീൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. 1960ലെ മഹാരാഷ്‌ട്ര അഡാപ്‌റ്റേഷൻ നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാനുള്ള വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
ഒരു സംസ്ഥാനത്തിലെ പേരുകളും പാരമ്പര്യവും സംരക്ഷിക്കാനുമല്ലേ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധി സഭയുള്ളതെന്ന് കോടതി ചോദിച്ചു. നിയമനിർമ്മാണ സഭ ഒരു സംസ്ഥാനത്തുള്ളപ്പോൾ അവർക്ക് ഉചിതമെന്ന് തോന്നുന്ന തീരുമാനം നിയമസഭയിൽ പാസ്സാക്കാനെന്താണ് തടസ്സമെന്നും സുപ്രീം കോടതി ചോദിച്ചു.
















Comments